സ്വര്‍ണക്കടത്തിന് സഹായം: സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റിന് സസ്പെൻഷൻ
text_fieldsകൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ് നവീന്‍ കുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കരിപ്പൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലാണ് ഉത്തരവിറക്കിയത്. സസ്പെന്ഷന് കാലാവധിയില്‍ നവീന്‍ കുമാര്‍ ബംഗളൂരു ഓഫിസില്‍ തുടരണമെന്ന് നിർദേശമുണ്ട്.
കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെകൂടി പൊലീസ് ചോദ്യം ചെയ്തു. ഈ ഉദ്യോഗസ്ഥൻ മുമ്പ് കരിപ്പൂരിൽ ജോലി ചെയ്തിട്ടുണ്ട്. നവീനെ വ്യാഴാഴ്ചയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പൊലീസ് വിളിക്കുമ്പോൾ ഹാജരാകാൻ നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥന് കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. കേസില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് സംഘവും ഉദ്യോഗസ്ഥരും തമ്മിലുള്ള എല്ലാ വിനിമയങ്ങളും സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ് നവീന്‍ കുമാറിലൂടെയാണെന്നത് അടക്കമുള്ള നിര്‍ണായക വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ബുധനാഴ്ച നവീന്‍ കുമാറിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു ചേദ്യം ചെയ്യുകയും ഇയാള്‍ താമസിക്കുന്ന കൊട്ടപ്പുറം തലേക്കരയിലെ ഫ്ലാറ്റില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കസ്റ്റംസ് ഉദ്യോഗസ്ഥെരയും ചോദ്യം ചെയ്തത്.
നവീനൊപ്പം കേസെടുത്തിരുന്ന വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലിയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് സംഘത്തെ സഹായിക്കാന്‍ അവലംബിച്ച രീതി, മറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് തുടങ്ങിയവയാണ് കള്ളക്കടത്ത് സംഘത്തില്‍നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധിക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.