വയനാടിനെ വീണ്ടെടുക്കാൻ കേരളത്തെ സഹായിക്കൂ; കേന്ദ്രത്തോട് ഹൈകോടതി
text_fieldsകൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രസഹായം ഇനിയും വൈകരുതെന്ന് ഹൈകോടതി. സഹായം വൈകുന്നത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ഫണ്ട് എപ്പോൾ നൽകാനാകുമെന്നതടക്കം കാര്യങ്ങൾ അറിയിക്കാൻ കഴിഞ്ഞ തവണ ഹരജി പരിഗണിക്കവേ കോടതി നിർദേശിച്ചിരുന്നു. കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഒക്ടോബർ 18ന് സമർപ്പിക്കാമെന്ന് അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചു. വയനാടിനെ തിരിച്ചുപിടിക്കാനുള്ള ക്രിയാത്മക നടപടികൾ കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കോടതി നിർദേശിച്ചു. ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു.
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ദോഷകരമാകാത്ത വിധത്തിൽ വാർത്തകൾ നൽകാൻ മാധ്യമ പ്രവർത്തകർ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കോടതി നിർദേശിച്ചു. പുനരധിവാസ പ്രവർത്തനങ്ങളെ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയാണെന്ന് സർക്കാർ വാദിച്ചപ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. മാധ്യമങ്ങൾ പരിധി വിടുന്നുവെന്നായിരുന്നു സർക്കാറിന്‍റെ ആരോപണം. ദുരന്തനിവാരണത്തിന് സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുകയെന്ന മട്ടിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന വിധത്തിലുള്ള വാർത്തകൾക്ക് നിയന്ത്രണം വേണമെന്നതടക്കം ആവശ്യങ്ങളും സർക്കാറിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ ഉന്നയിച്ചു.
വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.ഉന്നത ചുമതല വഹിക്കുന്നവർക്ക് വിമർശനങ്ങളോട് പ്രതികരിക്കുന്നതിൽ പരിമിതിയുണ്ടെന്നും മാധ്യമങ്ങൾ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി വരികയാണെന്ന് സർക്കാർ അറിയിച്ചു. അർഹമായ ഭൂരിഭാഗം അപേക്ഷകളിലും തീരുമാനമെടുത്തു. അർഹതയില്ലാത്തവരെ അക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. പുനരധിവാസത്തിന് തെരഞ്ഞെടുത്ത രണ്ട് മേഖലകളുടെ വിശദാംശങ്ങൾ സർക്കാർ നൽകി. പുനരധിവാസ മേഖലകളിൽ പരിസ്ഥിതിയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.