സ്റ്റോപ്പറിയാതെ പകച്ച പെൺകുട്ടിക്ക് കണ്ടക്ടറുടെ കരുതൽ
text_fieldsകൊച്ചി: സ്റ്റോപ്പറിയാതെ പകച്ച പെൺകുട്ടിക്ക് കരുതലായി കണ്ടക്ടർ. കഴിഞ്ഞ ദിവസം വൈകീട്ട് മൂവാറ്റുപുഴയിൽനിന്ന് ആലുവക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടറാണ് കരുതലിൽ മാതൃക തീർത്തത്. വൈകീട്ട് കീഴില്ലം സ്റ്റോപ്പിലിറങ്ങേണ്ട വിദ്യാർഥിനി സ്റ്റോപ്പറിയാതെ മുന്നോട്ടുപോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞ് രണ്ട് സ്റ്റോപ്പ് പിന്നിട്ടതോടെ പെൺകുട്ടി അങ്കലാപ്പിലായി. വെപ്രാളം ശ്രദ്ധയിൽപെട്ട കണ്ടക്ടർ കാര്യം അന്വേഷിച്ചു. സ്റ്റോപ് തെറ്റിയെന്നറിഞ്ഞതോടെ ബസ് നിർത്തി. കുട്ടിയുടെ കൈയിൽ തിരിച്ചുപോകാൻ പണമില്ലെന്ന് പറഞ്ഞതോടെ സ്വന്തം പോക്കറ്റിൽനിന്ന് നൽകി. റോഡ് ക്രോസ് ചെയ്യിച്ച് കുട്ടിയെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയതോടെയാണ് സംഭവം അവസാനിച്ചത്.
ബസിലെ യാത്രികയും എഴുത്തുകാരിയും പേഴക്കാപ്പിള്ളി ജി.എച്ച്.എസിലെ മലയാളം അധ്യാപികയുമായ തസ്മിൻ ശിഹാബാണ് ഫോട്ടോയും കുറിപ്പും വഴി സംഭവം പുറത്തെത്തിച്ചത്. ഇതോടെ കണ്ടക്ടറുടെ പ്രവൃത്തിക്ക് മുക്തകണ്ഠ പ്രശംസയുമായി. എന്നാൽ, കണ്ടക്ടറുടെ പേരോ മറ്റ് വിവരങ്ങളോ അറിയില്ലെന്നും അധ്യാപിക കുറിച്ചിരുന്നു. എന്നാൽ, ഫോട്ടോ കണ്ടതോടെ സമൂഹമാധ്യമങ്ങളിൽതന്നെ ആളെയും കണ്ടെത്തി. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ കോതമംഗലം നങ്ങേലിപ്പടി സ്വദേശി അനസ് കെ. കരീമാണ് കണ്ടക്ടറെന്ന് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞവർ കമന്റുകളിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.