രക്ഷാപ്രവർത്തകർക്ക് രക്ഷ
text_fieldsഎടക്കര: മുണ്ടക്കൈ ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയ മൂന്നു രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പാറ വനമേഖലയില്‍ കുടുങ്ങി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കഴിച്ചുകൂട്ടിയ ഇവരെ വയനാട്ടിൽനിന്നുള്ള സംഘവും നാവികസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശികളായ കൊരമ്പയില്‍ റഹീസ്, കിഴക്കേപറമ്പന്‍ സാലീം, കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മുണ്ടശ്ശേരി ചിറയില്‍ മുഹസിന് എന്നിവരാണ് വയനാട് സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ കുടുങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂവര്‍ സംഘം തലപ്പാലിയില്നിന്ന് ചാലിയാര്‍ പുഴയിലൂടെ തിരച്ചിലിന് പോയത്. ഈ ഭാഗത്തേക്ക് വെള്ളിയാഴ്ച പൊലീസ്, വനം, തണ്ടര്‍ബോള്‍ട്ട് സേനകളും തിരച്ചിലിന് പോയിരുന്നു. എന്നാല്‍, മൂവര്‍ സംഘം തിരച്ചിലിന് പോയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നില്ല.
വൈകുന്നേരത്തോടെ സംഘം സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമെത്തി. ഇവിടെനിന്ന് മേപ്പാടിയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും അതിദുര്‍ഘടവും വലിയ പാറക്കൂട്ടങ്ങള്‍ നിറഞ്ഞതും കുത്തൊഴുക്കുള്ളതുമായ പുഴയും ചെങ്കുത്തായ വനമേഖലയും താണ്ടാന്‍ ഇവര്‍ക്കായില്ല.
യാത്രക്കിടയില്‍ വീണ് മുണ്ടേരി സ്വദേശിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും കിട്ടാതായതോടെ ഇവര്‍ ക്ഷീണിക്കുകയും ചെയ്തു. ഇരുട്ടായതോടെ മൂവരും സുരക്ഷിത സ്ഥാനത്ത് അഭയംപ്രാപിച്ചു. തോരാമഴയില്‍ വിറങ്ങലിച്ച് ഉറക്കമിളച്ച് സംഘം രാത്രി മുഴുവന്‍ സൂചിപ്പാറയില്‍ കഴിഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന് പോയ ഇവരെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചത്. ഇതിനിടെ സംഘത്തിലെ ഒരാൾ കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. ഇയാള്‍ രക്ഷാസംഘത്തോടെപ്പം മൂന്നു കിലോമീറ്റര്‍ വനപാതയിലൂടെ നടന്ന് സുരക്ഷിത സ്ഥാനത്ത് എത്തുകയായിരുന്നു.
മേപ്പാടിയില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പാറയില്‍ തിരച്ചിലിനെത്തിയപ്പോള്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തി. ഇവര്‍ വടം എറിഞ്ഞുനല്കിയെങ്കിലും കുടുങ്ങിക്കിടന്നവർ ക്ഷീണിതരായതിനാല്‍ കയറാനായില്ല.
ഈ സമയം നാവികസേനയുടെ ഹെലികോപ്ടര്‍ വനത്തില്‍ കുടുങ്ങിയവര്‍ക്കായി ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. രണ്ടാം തവണ എത്തിയ ഹെലികോപ്ടര്‍ മറ്റു രണ്ടുപേരെ എയര്‍ ലിഫ്റ്റ് ചെയ്ത് വയനാട് വിംസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. വനം വകുപ്പിന്റെ നിര്‍ദേശമില്ലാതെയാണ് യുവാക്കള്‍ ഇവിടേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.