നിസ്സഹായനായ വനംമന്ത്രിയെ ഉടനടി പുറത്താക്കണം -കെ. സുധാകരന്‍
text_fieldsതിരുവനന്തപുരം: കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നാലു പേര്‍ മരിച്ച അതീവ ഗുരുതരമായ സാഹചര്യത്തില്‍ വനംമന്ത്രി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കുകയോ ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മലയോരവാസികളുടെ ജീവന് കാട്ടുമൃഗങ്ങള്‍ വന്‍ ഭീഷണി ഉയര്‍ത്തുമ്പോള്‍ മന്ത്രി നിസ്സഹായനായി കൈമലര്‍ത്തുകയും മുഖ്യമന്ത്രി അതിനു കൂട്ടുനിൽക്കുകയുമാണ്. ഈ മന്ത്രി അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും മലയോരവാസികളുടെ ജീവന്‍ അപകടത്തിലാണെന്ന് സുധാകരന്‍ പറഞ്ഞു.
സ്വന്തം കസേര സംരക്ഷിക്കുന്നതില്‍ മാത്രമാണ് മന്ത്രിയുടെ ശ്രദ്ധ. ജനവാസ മേഖലകളിലേക്ക് വന്യമൃഗം ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനംമന്ത്രിയുടെ പ്രസ്താവന കേട്ടാല്‍ കാട്ടുമൃഗങ്ങളാണോ ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തതെന്ന് തോന്നിപ്പോകും. കാടിനെക്കുറിച്ചോ മലയോരവാസികളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിവില്ലാത്ത വനംമന്ത്രിയാണ് നമുക്കുള്ളത്. പ്ലാന്റേഷന്റെയും പാടത്തിന്റെയും ഭാഗത്താണ് കഴിഞ്ഞ ദിവസം കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. ഇവരാരും കാടുകളിലേക്ക് അതിക്രമിച്ച് കയറിവരല്ല. ജനകീയ പ്രതിഷേധം തണുപ്പിക്കാന്‍ ചാവുപണം പ്രഖ്യാപിച്ച ശേഷം അതുപോലും പൂര്‍ണ്ണമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.
മനുഷ്യ ജീവനേക്കാള്‍ വലുതല്ല മറ്റൊന്നും. നിയമങ്ങള്‍ മരണവാറണ്ടായി മാറുന്നെങ്കില്‍, അവ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.ജനവാസമേഖലകളിലെ വന്യമൃഗ സാന്നിധ്യം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണം അതിരൂക്ഷമാകുമ്പോഴും അതു തടയാന്‍ മതിയായ സാമ്പത്തിക സഹായം ബജറ്റില്‍ നീക്കിവച്ചിട്ടില്ല. ബജറ്റില്‍ വകയിരുത്തുന്ന തുക വേണ്ടവിധം ചെലവഴിക്കുന്നില്ല. കിടങ്ങുകള്‍, സൗരോര്‍ജ്ജ വേലികള്‍, ഫെന്‍സിങ്ങുകള്‍ എന്നിവ ഫലപ്രദമായി നിര്‍മിക്കുന്നില്ല.വന്യമൃഗ ആക്രമണം തടയുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലയോര പ്രദേശവാസികളുടെ ജീവന് ഭീഷണിയായ വന്യമൃഗ ആക്രണത്തിന് പരിഹാരം കാണുന്നതു വരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.