സർക്കാറിന് ഒഴിഞ്ഞു മാറാനാവില്ല
text_fieldsകൊച്ചി: വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു ഭാഗം മറച്ചു വെച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ടതെങ്കിലും അതിൻമേലുള്ള നിയമ നടപടികളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സർക്കാറിനാവില്ല. പോക്സോ അടക്കം ഗുരുതരമായ കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന റിപ്പോർട്ട് അധികകാലം സർക്കാറിന് അവഗണിക്കാനാകില്ലെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേസെടുക്കണമെങ്കിൽ വ്യക്തികൾക്കെതിരായ സാക്ഷി മൊഴികളും ആരോപണങ്ങളും ഉൾപ്പെടുന്ന റിപ്പോർട്ടിന്റെ ഭാഗം പുറത്തുവരാൻ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈകോടതിയിലെ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ടി. ആസഫലി പറയുന്നു. കേവലം അറിവിന്റെ അടിസ്ഥാനത്തിൽ പരാതിയില്ലാതെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം.
കുറ്റകൃത്യം സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാം. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകം മൊഴികൾ രേഖപ്പെടുത്തുകയുമാകാം- അദ്ദേഹം പറഞ്ഞു. സ്വകാര്യത അവകാശത്തിന്റെ ആനുകൂല്യം പ്രതികൾക്ക് നൽകേണ്ടതില്ല. കുറ്റകൃത്യം മറച്ചു വെക്കുന്നതിന് സർക്കാറിനെതിരെയും നടപടി സ്വീകരിക്കാം- ആസഫലി പറഞ്ഞു.
കുറ്റകൃത്യം നടന്നു എന്ന് ബോധ്യമാകുന്ന റിപ്പോർട്ട് സർക്കാറിന്റെ പക്കലുള്ളപ്പോൾ അത് തന്നെ എഫ്.ഐ.ആറിന് അടിസ്ഥാനമാക്കാമെന്ന് പ്രമുഖ അഭിഭാഷകൻ ജോൺ എസ്. റാൽഫ് പറഞ്ഞു. 18 വയസ്സിൽ താഴെയുള്ളവരും പീഡനത്തിനിരയായെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പോക്സോ കേസിന് പര്യാപ്തമായ സംഭവം നടന്നുവെന്ന് ബോധ്യമായ സാഹചര്യത്തിൽ സർക്കാറിന് ഒരു നിമിഷം പോലും ഒഴിഞ്ഞു മാറാനാവില്ല. കേസെടുക്കാതിരിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലെന്ന് ചില നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി. ആര്, ആർക്കെതിരെ, എപ്പോൾ കുറ്റകൃത്യം നടത്തി എന്ന് കൃത്യമായി പുറത്തു വന്നാൽ മാത്രമേ കേസെടുക്കാനാകൂ. റിപ്പോർട്ടിന്റെ ശേഷിക്കുന്ന ഭാഗം പുറത്തു കൊണ്ടുവരാനുള്ള നടപടികളാണ് ഇനി വേണ്ടതെന്നും ഇവർ പറഞ്ഞു.
ജുഡീഷ്യൽ കമീഷന് മുന്നിൽ നടത്തുന്ന തുറന്നു പറച്ചിലുകൾക്കും മൊഴികൾക്കും പൂർണ നിയമ സ്വഭാവം കൈവരുമൊ എന്നതിൽ ഉറപ്പില്ലെന്ന് ഹൈകോടതിയിലെ പ്രമുഖ അഭിഭാഷക പ്രതികരിച്ചു. എങ്കിൽ പോലും എന്ത് നടപടി സ്വീകരിക്കണമെന്ന് അഡ്വക്കറ്റ് ജനറലിനൊ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനൊ തീരുമാനിക്കാമെന്നും അവർ പറഞ്ഞു. പോക്സോ പരിധിയിൽ വരുന്ന പീഡനം നടന്നു എന്ന് അറിഞ്ഞിട്ടുപോലും സർക്കാർ ഒളിച്ചു വെച്ചത് പ്രതികളെ സഹായിക്കാനോ സംഭവം തേച്ച് മാച്ച് കളയാനോ ആണെന്ന ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.