ഹേമ കമ്മിറ്റി: ആഭ്യന്തര, മുഖ്യമന്ത്രി സ്ഥാനങ്ങളിൽ നിന്ന് പിണറായി വിജയനെ നീക്കണം-നിപുൺ ചെറിയാൻ
text_fieldsകൊച്ചി: സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ വിഷയത്തിൽ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ച പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനത്തും തുടരാൻ പാടില്ലെന്ന് വി ഫോർ കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാൻ. ഇന്ത്യൻ ക്രിമിനൽ നിയമങ്ങൾ പ്രകാരം കുറ്റകൃത്യം ആകുന്ന ലൈംഗിക അതിക്രമത്തിന്റെ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് ആഭ്യന്തര മന്ത്രിക്ക് ജസ്റ്റിസ് ഹേമ സമർപ്പിച്ചത്.
ക്രിമിനൽ നിയമങ്ങൾ പ്രകാരം കുറ്റകൃത്യത്തിന്റെ വിവരങ്ങൾ അറിഞ്ഞ സ്ഥിതിക്ക് അത് ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക എന്ന ജസ്റ്റിസ് ഹേമയുടെ നിയമപരമായ ബാധ്യത അതോടെ നിറവേറ്റപ്പെട്ടു. ഈ റിപ്പോർട്ട് സ്വീകരിച്ച പൊലീസ് തലപ്പത്തുള്ള ആഭ്യന്തര മന്ത്രി പിണറായി വിജയൻറെ നിയമപരമായ ബാധ്യതയും ജോലിയുമായിരിന്നു പൊലീസ് ഉദ്യോഗസ്ഥരെ ഈ റിപ്പോർട്ട് ഏൽപിച്ച് തുടർ നടപടികൾ സ്വീകരിക്കുക എന്നത്.
അങ്ങനെ ചെയ്തിരുന്നു എങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട സ്റ്റേഷനുകളിൽ 2019 ഡിസംബർ മാസം തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌ത് കേസ് അന്വേഷണം ആരംഭിക്കുമായിരിന്നു. എന്നാൽ അതുണ്ടായില്ല. ആഭ്യന്തര മന്ത്രി തന്റെ കൈവശമുള്ള, ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് പൂഴ്ത്തി വെച്ച്, പ്രതികളാകേണ്ടവർക്ക് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ ഇല്ലാതെ ആക്കാനും അവസരം നൽകി.
ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന പിണറായി വിജയൻ അട്ടിമറിച്ചു എന്ന് വ്യക്തമാണ്. ബോധപൂർവം ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ മുഖ്യമന്ത്രി അട്ടിമറിച്ചു എന്ന് വ്യക്തമായ സ്ഥിതിക്ക് ഒരു നിമിഷം പോലും പിണറായി വിജയൻ ആ സ്ഥാനങ്ങളിൽ തുടരാൻ പാടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർക്കും പൊലീസ് മേധാവിക്കും ഇമെയിൽ വഴി കത്ത് അയച്ചുവെന്നും നിപുൺ ചെറിയാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.