താരസമ്മർദങ്ങൾക്ക് വഴങ്ങി സർക്കാർ; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടില്ല
text_fieldsതിരുവനന്തപുരം: താരസമർദങ്ങൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കിയതോടെ സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറംലോകം കാണുന്നത് വൈകും. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടർ നടപടികളെന്ന് സാസ്കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചു.
റിപ്പോർട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സർക്കാറിനും സാംസ്കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യർഥനയിൽ റിപ്പോർട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകർ വിവരാവകാശ കമീഷന് പരാതി നൽകി. പരാതിയിൽ എസ്.പി.ഐ.ഒയോട് വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം അടിയന്തര വിശദീകരണം തേടി.
നിർമാതാവ് സജിമോൻ പാറയിലിന്റെ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്ന് ശനിയാഴ്ച രാവിലെ 11ന് റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സാസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ, സിഗിംൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് വെള്ളിയാഴ്ച നടി രഞ്ജിനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെ സർക്കാർ പിന്നാക്കം പോയി. താനും കമ്മിറ്റിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും തന്നെക്കൂടി കേൾക്കണമെന്നുമാണ് രഞ്ജിനിയുടെ ആവശ്യം. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കോടതി, ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.
സ്റ്റേ ആവശ്യം തള്ളിയതോടെ അപ്പീലിൽ വിധിയുണ്ടാകുന്നത് വരെ റിപ്പോർട്ട് പുറത്തുവിടരുതെന്ന് രഞ്ജിനി സാംസ്കാരിക വകുപ്പിനോട് ആഭ്യർഥിച്ചു. രഞ്ജിനിയുടെ രേഖാമൂലമുള്ള അപേക്ഷ വെള്ളിയാഴ്ച രാത്രിയോടെ പ്രത്യേക ദൂതൻ വഴി വകുപ്പിന് ലഭിച്ചു. താരത്തിന്റെ അപേക്ഷ പരിഗണിച്ച് റിപ്പോർട്ട് പുറത്തുവിടരുതെന്ന് സിനിമ മേഖലയിലെ പ്രമുഖരും സമ്മർദം ചെലുത്തി. ഇതോടെ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് ശനിയാഴ്ച രാവിലെ 8.30ഓടെ എസ്.പി.ഐ.ഒ അപേക്ഷകരെ അറിയിക്കുകയായിരുന്നു.
അതേസമയം, റിപ്പോർട്ട് പുറത്തുവിടണമെന്ന് വനിത കമീഷൻ ആവർത്തിച്ചു. റിപ്പോർട്ടിൽ ആരും ആശങ്കപ്പടേണ്ട കാര്യമില്ലെന്നും സ്വകാര്യത മാനിച്ചായിരിക്കും റിപ്പോർട്ട് പുറത്തുവിടുകയെന്നും കമീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. സിനിമ മേഖലയിൽ തെറ്റായ പ്രവണത ഉണ്ടെങ്കിൽ പുറത്തുവരണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.