താരങ്ങൾ വില്ലന്മാരായി; റിപ്പോർട്ട് വിവരാവകാശ കമീഷന് കൈമാറാനും സർക്കാർ ഭയന്നു
text_fieldsതിരുവനന്തപുരം: മലയാളികൾ ആരാധിക്കുന്ന പല താരങ്ങളും ജസ്റ്റിസ് ഹേമ കമീഷന്റെ റിപ്പോർട്ടിൽ വില്ലൻ റോളിലേക്ക് മാറിയതോടെ റിപ്പോർട്ട് സംസ്ഥാന വിവരാവകാശ കമീഷന് കൈമാറാൻ സർക്കാർ മടിച്ചിരുന്നു. സിനിമ മേഖലയിലെ സമ്മർദത്തെ തുടർന്ന് പുറത്തുവിടാതെ പൂഴ്ത്തിവെച്ച റിപ്പോർട്ട് സാംസ്കാരിക വകുപ്പിൽനിന്ന് ഇന്ത്യൻ വിവരാവകാശ നിയമപ്രകാരം സിവിൽ കോടതിയുടെ അധികാരം ഉപയോഗിച്ചാണ് വിവരാവകാശ കമീഷണർ ഡോ. എ. അബ്ദുൽ ഹക്കീം പിടിച്ചെടുത്തത്.
2019 ഡിസംബർ 31നാണ് 299 പേജുള്ള റിപ്പോർട്ടും ആരോപങ്ങളെ സാധൂകരിക്കുന്ന പെൻഡ്രൈവുകളും മറ്റ് തെളിവുകളും ഹേമ കമ്മിറ്റി സർക്കാറിന് കൈമാറുന്നത്. റിപ്പോർട്ട് സമർപ്പിച്ച് 11ാം ദിവസം വിവരാവകാശ നിയമപ്രകാരം ‘മാധ്യമം’ ലേഖകൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പിന് അപേക്ഷ സമർപ്പിച്ചെങ്കിലും നൽകാൻ സർക്കാർ തയാറായില്ല.
ഇതിനെതിരെ അപ്പീലുമായി അന്നത്തെ മുഖ്യവിവരാവകാശ കമീഷണറായിരുന്ന വിൻസൺ പോളിനെ സമീപിച്ചെങ്കിലും സർക്കാർ നിലപാടിനെ ശരിവെക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് സമർപ്പിച്ച 11ാം ദിവസമാണ് റിപ്പോർട്ടിലെ വിവരങ്ങൾ ആവശ്യപ്പെട്ടതെന്നും നിയമസഭയുടെ അവകാശത്തെ ലംഘിച്ച് വിവരം പുറത്ത് നൽകാൻ കഴിയില്ലെന്നുമാണ് വിവരം നിഷേധിക്കാൻ കാരണമായി വിവരാവകാശ കമീഷൻ ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ഇരകൾക്കൊപ്പമാണെന്ന് നിരന്തരം അവകാശപ്പെടുന്ന സർക്കാർ നിയമസഭയിലും റിപ്പോർട്ട് സമർപ്പിച്ചില്ല. റിപ്പോർട്ട് നൽകാത്തതിനെതിരെ ഏപ്രിലിൽ വിവരാവകാശ കമീഷന് മുന്നിലെത്തിയ അപ്പീലിൽ സാംസ്കാരിക വകുപ്പിനോട് വിശദീകരണം ചോദിച്ചെങ്കിലും മുൻ മറുപടിയാണ് ആവർത്തിച്ചത്. ഒടുവിൽ കമീഷണർ ഡോ. അബ്ദുൽ ഹക്കീം പരിശോധനക്കായി റിപ്പോർട്ട് കമീഷന് മുന്നിൽ ഹാജരാക്കണമെന്ന് നിർദേശിച്ചെങ്കിലും സർക്കാർ തയാറായില്ല. തുടർന്ന്, 10 ദിവസത്തിനകം റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ കമീഷണർ കർശന നിർദേശം നൽകി. തുടർന്നാണ് 295 പേജുള്ള റിപ്പോർട്ട് ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.