വേട്ടക്കാരെ സർക്കാർ സംരക്ഷിച്ചത് നാലരവർഷം
text_fieldsതിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ സ്ത്രീകളെ ഉപയോഗിച്ച് പ്രമുഖർ നടത്തുന്ന മാംസക്കച്ചവടത്തെക്കുറിച്ചും ലൈംഗിക ചൂഷണങ്ങളെ സംബന്ധിച്ചും കൃത്യമായ തെളിവുകൾ ഹേമ കമ്മിറ്റി സമർപ്പിച്ചിട്ടും റിപ്പോർട്ട് പൂഴ്ത്തിവെച്ചതല്ലാതെ യാതൊരു നടപടിയും സർക്കാറോ സാംസ്കാരിക വകുപ്പോ സ്വീകരിച്ചില്ല. സ്ത്രീ സുരക്ഷയാണ് മുഖമുദ്രയെന്ന് അവകാശപ്പെടുന്ന സർക്കാറാണ് അടിമുടി സ്ത്രീചൂഷണമാണ് സിനിമ മേഖലയിലെന്ന് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ ചൂണ്ടുവിരൽപോലും അനക്കാൻ തയാറാകാതിരുന്നത്.
പ്രമുഖ സിനിമ താരങ്ങളും സംവിധായകരും നിർമാതാക്കൾക്കുമെതിരെ വ്യക്തമായ തെളിവുകൾ ഇരകളായ സ്ത്രീകൾ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കുകയും റിപ്പോർട്ടിനൊപ്പം ഈ തെളിവുകൾ കമ്മിറ്റി 2019 ഡിസംബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയെങ്കിലും നാലരവർഷവും മലയാള സിനിമയിലെ ക്രിമിനൽ മാഫിയ സംഘത്തിന് കുടപിടിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് അനുബന്ധമായി രേഖകളില്ലെന്നാണ് മുൻ സാംസ്കാരിക മന്ത്രി എ.കെ. ബാലന്റെയും ഇപ്പോഴത്തെ മന്ത്രി സജിചെറിയാന്റെയും വാദങ്ങൾ. എന്നാൽ, ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ ‘മാധ്യമ’ത്തിന് ലഭിച്ചു. സിനിമ മേഖലയിലെ ദുരനുഭവങ്ങളുടെ തെളിവായി വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ മൊഴി നൽകാനെത്തിയവർ കമ്മിറ്റിക്കു കൈമാറി. ഇതെല്ലാം പെൻഡ്രൈവിലും സീഡികളിലുമാക്കി 2019 ഡിസംബര്‍ 31ന് സർക്കാറിന് കൈമാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഹേമ അന്നത്തെ സാംസ്കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന റാണി ജോർജിനെ രേഖാമൂലം അറിയിച്ചിരുന്നു.
പെൻഡ്രൈവുകളും സീഡികളും പരിശോധിച്ച സാംസ്കാരിക വകുപ്പ്, ഇരകൾ പ്രമുഖർക്കെതിരെ നടത്തിയിരിക്കുന്നത് ഗുരുതരമായ വെളിപ്പെടുത്തലുകളാണെന്ന് മനസ്സിലാക്കിയതോടെ അവ ആഭ്യന്തരവകുപ്പിന്റെ രഹസ്യലോക്കറിലേക്ക് മാറ്റുകയായിരുന്നു. അതിജീവിതകളുടെ പേര് പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താതെ അവർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സിനിമയിലെ ലോബിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടികളിലേക്ക് പോകാമെന്നിരിക്കെ അതിന് സർക്കാർ തയാറായില്ല. സ്വകാര്യത മാനിച്ച് വ്യക്തികളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തുന്നതൊന്നും പുറത്തേക്ക് വിടരുതെന്നായിരുന്നു ഹേമ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടത്. അപ്പോഴും മാനഭയംകൊണ്ടോ ഭയംകൊണ്ടോ പരാതി നൽകാൻ മടിക്കുന്നവർക്ക് നിയമസഹായത്തിനായി സർക്കാർ ബദൽമാർഗം കണ്ടെത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.