റിപ്പോർട്ടിലെ ചർച്ച രാഷ്ട്രീയപ്പോരിലേക്ക്
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള ചർച്ച ഭരണ-പ്രതിപക്ഷ രാഷ്ട്രീയപ്പോരിലേക്ക്. സിനിമയിലെ സ്ത്രീചൂഷണം സംബന്ധിച്ച് പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളിൽ ചർച്ച കൊഴുക്കുമ്പോൾ അത് സർക്കാറിനെതിരെ തിരിച്ചുവിടുകയാണ് പ്രതിപക്ഷം.
റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവെച്ച സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന പ്രതിപക്ഷ ആരോപണത്തിന് മുന്നിൽ ഭരണപക്ഷം പതറുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ കൈയിൽവെച്ചിരുന്ന കാലത്ത് പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടില്ല എന്നത് വസ്തുതയാണ്. മാധ്യമപ്രവർത്തകർ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് റിപ്പോർട്ട് പുറത്തുവന്നത്.
റിപ്പോർട്ട് പുറത്തുവന്നതോടെ ചോദ്യങ്ങളെല്ലാം സർക്കാറിനുനേരെയാണ്. പുറത്തുവിടാതിരിക്കാൻ പറഞ്ഞ ന്യായം, റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് കമ്മിറ്റി അധ്യക്ഷ ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടെന്നാണ്. എന്നാൽ, ലൈംഗികാതിക്രമ കേസിൽ പേര് മറച്ചുവെക്കുകയെന്ന നിയന്ത്രണത്തിനപ്പുറമൊന്നും ജസ്റ്റിസ് ഹേമയുടെ കത്തിലില്ലെന്ന വിവരം പുറത്തുവന്നു. അർധമനസ്സോടെയാണെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ ആശ്വാസം പ്രതീക്ഷിച്ച സർക്കാറിനുനേരെ തുരുതുരാ ചോദ്യങ്ങളാണ് ഉയരുന്നത്.
എന്തു നടപടി സ്വീകരിച്ചെന്ന ചോദ്യത്തിന്, പരാതിയില്ലാതെ നടപടിയെടുക്കാനാകില്ലെന്ന മറുപടിയാണ് നൽകിയത്. നടപടിയെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നെങ്കിൽ കമ്മിറ്റി മുമ്പാകെ തെളിവ് സഹിതം ലഭിച്ച മൊഴികൾതന്നെ ധാരാളമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സി ഉൾപ്പെടെ സർക്കാർ നിലപാടിൽ അവിശ്വാസം രേഖപ്പെടുത്തി. പരാതിയില്ലാതെ തുടർനടപടിക്കില്ലെന്ന സർക്കാർ വാദത്തോട് ചേർന്നുനിൽക്കുന്നതല്ല ഹൈകോടതി നിലപാടും. ഗുരുതര അതിക്രമങ്ങളുടെ നേർവിവരങ്ങളടങ്ങിയ റിപ്പോർട്ട് കോടതിയുടെ പരിശോധനക്ക് വിധേയമാകുമ്പോൾ നടപടിയിലേക്ക് കടക്കാൻ സർക്കാർ നിർബന്ധിതമാകും. ഇതു മുന്നിൽക്കണ്ടാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യാൻ സിനിമ കോൺക്ലേവ് വിളിക്കുമെന്ന പ്രഖ്യാപനവും സർക്കാറിന് തിരിച്ചടിയായി. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയാണോ പരിഹാരമുണ്ടാക്കുകയെന്ന ചോദ്യം ഡബ്ല്യു.സി.സി ഉൾപ്പെടെ ഉയർത്തി. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാനല്ല,
പൊതുവായ സിനിമ നയം രൂപപ്പെടുത്താനാണ് കോൺക്ലേവ് എന്ന് വിശദീകരിച്ച് തടിയൂരുകയാണ് സർക്കാർ. കോൺക്ലേവ് തടയുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കെ, തീരുമാനവുമായി മുന്നോട്ടുപോയാൽ വിഷയം വലിയ രാഷ്ട്രീയ വിവാദമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.