ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂഴ്ത്തിവെക്കാനാകാതെ വിവാദം
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചതിനെച്ചൊല്ലി സി.പി.എമ്മിലും താരസംഘടനയായ അമ്മയിലും ഭിന്നത രൂക്ഷം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച മൊഴികളും തെളിവുകളുമടക്കം സര്‍ക്കാറിന് മുന്നിലെത്തിയിട്ടും ഇത്രനാള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൗനംപാലിച്ചത് പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതിന് തുല്യമായെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രിയുടെയും മുന്‍മന്ത്രി എ.കെ. ബാലന്റെയും സാംസ്കാരിക മന്ത്രി സജി ചെറിയാന്റെയും നിലപാടുകളോട് കടുത്ത വിമർശനമാണ് സി.പി.എമ്മിലും ഇടത് മുന്നണിയിലും ഉയരുന്നത്.
ഇരകളുടെ പരാതിയില്ലാതെ നിയമനടപടി സാധ്യമല്ലെന്ന് സര്‍ക്കാറും ഒരുവിഭാഗം സി.പി.എം നേതാക്കളും വാദിക്കുമ്പോള്‍ പരാതിയില്ലാതെ കേസെടുക്കാമെന്നാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം ഇതേ നിലപാടുകാരാണ്. സിനിമാരംഗത്തെ പുഴുക്കുത്തുകളെ വെള്ളപൂശാന്‍ നടത്തുന്ന ശ്രമമായി സാംസ്കാരിക മന്ത്രിയുടെ വാദങ്ങളെ പൊതുസമൂഹം സംശയിക്കുന്നെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. റിപ്പോർട്ടിന്മേലുള്ള സർക്കാർ നടപടികളിൽ അതൃപ്തി അറിയിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.
അതേസമയം റിപ്പോർട്ട് സംബന്ധിച്ച് അമ്മയിലും ഭിന്നത രൂക്ഷമാണ്. റിപ്പോർട്ട് സ്വാഗതം ചെയ്ത ജനറല്‍ സെക്രട്ടറി സിദ്ദിഖ്, സിനിമാരംഗത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് അറിയിച്ചു. സിദ്ദിഖിന്റെ നിലപാട് തള്ളി വൈസ് പ്രസിഡന്റ് ജഗദീഷ് രംഗത്തെത്തി. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയല്ല. റിപ്പോര്‍ട്ടിലെ ആരോപണവിധേയര്‍ ശിക്ഷിക്കപ്പെടണമെന്നും അതിനായി അന്വേഷണം അനിവാര്യമാണെന്നും ജഗദീഷ് വ്യക്തമാക്കി. വിഷയത്തിൽ അമ്മ പ്രതികരിക്കാൻ വൈകിയതിൽ വിഷമമുണ്ടെന്ന് മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും പ്രതികരിച്ചു.
റിപ്പോർട്ടും പരാതികളും പരിശോധിച്ച് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് രണ്ടാഴ്ചക്കകം ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
സെപ്റ്റംബറിൽ കണ്ണൂർ ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്കും സിനിമ മന്ത്രി സജി ചെറിയാനും കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.