കോടതി നിർദേശപ്രകാരം മാത്രം തുടർനീക്കം മതിയെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വന്തം നിലയിൽ സർക്കാർ നടപടി വേണ്ടെന്നും ഹൈകോടതി നിർദേശപ്രകാരം മാത്രം തുടർനീക്കം മതിയെന്നും സി.പി.എം നിർദേശം. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് രാജ്യത്താദ്യമായി കമീഷനെ നിയോഗിച്ച സർക്കാർ എന്ന ക്രെഡിറ്റ് അവകാശപ്പെടുമ്പോഴും സാഹസിക നീക്കങ്ങൾക്ക് മുതിരേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. കേസെടുക്കലടക്കം കോടതി നിർദേശം വന്നാൽ മാത്രം മതി. ഫലത്തിൽ റിപ്പോർട്ട് സൃഷ്ടിച്ചേക്കാവുന്ന ഭാവി പ്രത്യാഘാതങ്ങളിൽനിന്ന് സുരക്ഷിതമായി തലയൊഴിയുകയാണ് സർക്കാർ.
ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങളിൽ പലതും സർക്കാർ ചെയ്തിട്ടുണ്ടെന്നാണ് സി.പി.എമ്മും സർക്കാറും വിശദീകരിക്കുന്നത്. വനിത സംവിധായകർക്ക് സാമ്പത്തിക സഹായവും തിയറ്റർ നവീകരണവും വനിത സിനിമ പ്രവർത്തകരുടെ പരിശീലനവുമടക്കം കാര്യങ്ങളാണിത്. സിനിമ മേഖലിലെ സ്ത്രീകൾ നേരിടുന്ന ഗുരുതര ചൂഷണങ്ങളെപ്പറ്റിയാണ് പ്രധാനമായും റിപ്പോർട്ട് അടിവരയിടുന്നതെങ്കിലും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ച് കൃത്യമായ വിശദീകരണമില്ല. ആരോപണ വിധേയർക്കെതിരെ കേസെടുക്കുന്നതിന് സർക്കാറിന് ചില പരിമിതികളുണ്ടെന്ന് വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നുപറഞ്ഞു. ‘പരാതിക്കാർ വന്നാലേ കേസെടുക്കാൻ കഴിയൂ. കേസെടുക്കാം പക്ഷേ, പരാതിക്കാരിയില്ലെങ്കിൽ കേസ് നിലനിൽക്കില്ല’. എന്നാണ് ഗോവിന്ദന്റെ വിശദീകരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് സർക്കാർ നൽകിയ വിശദീകരണത്തിൽ സെക്രട്ടേറിയറ്റ് യോഗം തൃപ്തി രേഖപ്പെടുത്തി. റിപ്പോർട്ട് വൈകിയതിന് പൊതുസമൂഹത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷം സംശയങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. കമ്മിറ്റി നൽകിയ കത്ത് പരിഗണിച്ചാണ് റിപ്പോർട്ട് വൈകിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ആരോപണങ്ങളെ പ്രതിരോധിക്കണം. സിനിമ നയം രൂപവത്കരിക്കുന്നത് ലക്ഷ്യമിട്ടുള്ള കോൺക്ലേവുമായി മുന്നോട്ടുപോകാനും നിർദേശിച്ചു.
റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് ബന്ധപ്പെട്ട മന്ത്രിക്കടക്കം ധാരണയുണ്ടായിട്ടും മാധ്യമങ്ങൾ വഴി റിപ്പോർട്ട് പുറത്തെത്തിയ ശേഷമാണ് ‘പരാതി ഉന്നയിച്ചാൽ ശക്തമായ നടപടിയുണ്ടാകു’മെന്ന് സർക്കാർ പ്രതികരണമുണ്ടായത്. ഇത്രയും വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം പാർട്ടിയിലും മുന്നണിയിലും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.