സിനിമ മന്ത്രിയുടെ ‘രക്ഷാപ്രവർത്തനം’ തുടർക്കഥ; ചലച്ചിത്ര അക്കാദമിയിൽ പൊട്ടിത്തെറി
text_fieldsതിരുവനന്തപുരം: ലൈംഗിക ആരോപണത്തിൽ പ്രതിസ്ഥാനത്തുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ അനുകൂലിച്ചുള്ള മന്ത്രി സജി ചെറിയാന്റെ പ്രതികരണങ്ങളിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ പൊട്ടിത്തെറി. മന്ത്രി രഞ്ജിത്തിന്റെ ‘ഫാൻ ബോയ്’ ആണെന്നും ധാർമികത ഉണ്ടെങ്കിൽ രഞ്ജിത്ത് രാജിവെക്കണമെന്നുമാണ് ഒരുവിഭാഗം ജനറൽ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടത്. ഇതിൽ ആഷിഖ് അബുവും മനോജ് കാനയും എന്‍. അരുണും രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. മന്ത്രി സജിയുടെ പ്രസ്താവനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേരാത്തതാണെന്നും വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് മന്ത്രിയെന്നും ആഷിഖ് അബു കുറ്റപ്പെടുത്തി. മന്ത്രിക്ക് രാഷ്ട്രീയ അജ്ഞതയാണ്. പാര്‍ട്ടി ക്ലാസ് കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചലച്ചിത്ര അക്കാദമിയുടെ അന്തസ്സ് കെടുത്തുന്ന പ്രവർത്തനങ്ങൾ രഞ്ജിത്തിന്റെ ഭാഗത്തുനിന്നുണ്ടായപ്പോഴെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ സംവിധായകൻ വിനയന്റെ ചിത്രത്തിന് പുരസ്കാരം നൽകുന്നതിനെതിരെ രഞ്ജിത്ത് ഇടപെട്ടുവെന്ന് ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സജി ചെറിയാൻ രഞ്ജിത്ത് ചലച്ചിത്രരംഗത്തെ ‘മാന്യനായ ഇതിഹാസ’മാണെന്നാണ് വിശേഷിപ്പിച്ചത്. രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിനയൻ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും നൽകിയ പരാതികളും അവഗണിച്ചു.
കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളക്കിടെ ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരനോട് മോശമായി സംസാരിച്ചതിനെ തുടർന്ന് രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങൾ സമാന്തരയോഗം ചേർന്നിരുന്നു. രഞ്ജിത്ത് ആറാം തമ്പുരാൻ ചമയുകയാണെന്നും ചലച്ചിത്ര അക്കാദമി വരിക്കാശ്ശേരി മനയല്ലെന്നുമായിരുന്നു പരസ്യ പ്രതികരണം. ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരികമന്ത്രിക്കും പരാതിയും നൽകി. അതിലും നടപടി ഉണ്ടായില്ല. 26 അംഗ ഭരണസമിതിയിൽ സർക്കാർ നാമനിർദേശത്തിലൂടെ വന്ന 17ൽ 13 പേരും എതിരായിട്ടും രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
കഴിഞ്ഞ രണ്ടുവർഷവും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ശോഭ കെടുത്തുന്ന രീതിയിലുള്ള രഞ്ജിത്തിന്റെ പെരുമാറ്റവും സർക്കാറിന് തലവേദനയായിരുന്നു. സമാപന വേദികളിൽ കൂവലോടെയാണ് ഡെലിഗേറ്റുകൾ രഞ്ജിത്തിനെ വരവേറ്റത്. സംവിധായകൻ ഡോ. ബിജുവിന്റെ സിനിമകൾ കാണാൻ തിയറ്ററിൽ ആളില്ലെന്ന പരാമർശം വിവാദമായി. ഇതിനെതിരെ ഡോ. ബിജു പരാതിയുമായി സജി ചെറിയാനെ സമീപിച്ചെങ്കിലും അപ്പോഴും രഞ്ജിത്തിനെ ചേർത്തുപിടിക്കാനായിരുന്നു സർക്കാറിന് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.