വിവരാവകാശ അട്ടിമറി: പണമടച്ചിട്ടും പേജുകൾ നൽകിയില്ല; കമീഷന് മുന്നിൽ പരാതിയുമായി കൂടുതൽപേർ
text_fieldsതിരുവനന്തപുരം: വിവരാവകാശ നിയമം അട്ടിമറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ രഹസ്യമായി ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ കൂടുതൽ അപേക്ഷകർ പരാതിയുമായി സംസ്ഥാന വിവരാവകാശ കമീഷനെയും അപ്പീലുമായി സാംസ്കാരിക വകുപ്പ് ജോയന്റ് സെക്രട്ടറിയെയും സമീപിച്ചു. 233 പേജുകൾക്ക് നിയമപ്രകാരം പണമടപ്പിച്ചശേഷം 228 പേജുകൾ മാത്രം മുന്നറിയിപ്പില്ലാതെ കൈമാറിയത് കമീഷൻ ഉത്തരവിന് വിരുദ്ധമാണെന്നും വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവർത്തകരടക്കം പരാതിയും അപ്പീലും സമർപ്പിച്ചത്.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴിനൽകിയവരുടെയും ആരോപണവിധേയരുടെയും സ്വകാര്യ വിവരങ്ങൾ സംരക്ഷിച്ച് കമീഷന്റെ ഉത്തരവ് പ്രകാരം 66 പേജുകളും 136 ഖണ്ഡികകളുമാണ് സർക്കാർ ആദ്യഘട്ടം ഒഴിവാക്കിയതായി അപേക്ഷകരെ അറിയിച്ചിരുന്നത്. ഇതിനുശേഷമുള്ള 233 പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കാൻ പേജ് ഒന്നിന് മൂന്ന് രൂപ നിരക്കിൽ ട്രഷറിയിൽ അടയ്ക്കണമെന്നായിരുന്നു ജൂലൈ 18ന് സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസറുമായ സുഭാഷിണി തങ്കച്ചി അപേക്ഷകരെ അറിയിച്ചത്. എന്നാൽ, ആഗസ്റ്റ് 19ന് നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി തള്ളിയതിന് പിന്നാലെ ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടാതിരുന്നു 49 മുതൽ 53 പേജുകളിലെ വിവരങ്ങൾകൂടി ഒഴിവാക്കി സർക്കാർ റിപ്പോർട്ട് പുറത്തുവിടുകയായിരുന്നു.
സിനിമ വ്യവസായത്തിലെ പ്രമുഖരില്നിന്നുള്പ്പെടെ സ്ത്രീകള്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നെന്നും തുടർന്നുള്ള കമീഷന്റെ കണ്ടെത്തലും നിരീക്ഷണങ്ങളുമാണ് ഒഴിവാക്കപ്പെട്ട അഞ്ച് പേജുകളിലെ 11 ഖണ്ഡികകളിലൂടെ സർക്കാർ മറച്ചുവെച്ചതെന്നുമാണ് അപേക്ഷകരുടെ ആരോപണം. ഒഴിവാക്കിയ പേജുകൾക്ക് വിവരാവകാശനിയമപ്രകാരം അപേക്ഷകരിൽനിന്ന് സർക്കാർ പണം ഈടാക്കിയതിനാൽ ഈ പേജുകളും ലഭ്യമാക്കണമെന്നാണ് ആവശ്യം. അതേസമയം, അപേക്ഷകരുടെ പരാതികളിൽ അപ്പീൽ അധികാരിയായ സാംസ്കാരിക വകുപ്പ് ജോയന്റ് സെക്രട്ടറി എന്തു നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞശേഷമേ ഇക്കാര്യത്തിൽ വിവരാവകാശ കമീഷൻ തുടർനടപടി സ്വീകരിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.