രഞ്ജിത്തിനെ കൈവിട്ട് പാർട്ടിയും ഭരണനേതൃത്വവും
text_fieldsതിരുവനന്തപുരം: ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കേണ്ടെന്ന് സി.പി.എമ്മും ഇടതുമുന്നണി നേതൃത്വവും. ധാർമികപ്രശ്നം എന്നതിൽനിന്ന് രാഷ്ട്രീയവും നിയമപരവുമായി മാനങ്ങളിലേക്ക് വിഷയം വളർന്നതോടെയാണ് തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ടെന്ന നിലപാടിലേക്ക് ഭരണനേതൃത്വവും പാർട്ടിയുമെത്തിയത്. വിവാദം സർക്കാറിന്റെ പ്രതിഛായയെ ബാധിക്കുന്നതാണെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിലനിർത്തി മുന്നോട്ടുപോകാനാവില്ല. അനുകൂലമായി പരസ്യനിലപാട് സ്വീകരിക്കുന്നതുപോലും തെറ്റായ സന്ദേശം നൽകും.
മന്ത്രി സജി ചെറിയാൻ ആദ്യം നടത്തിയ പരാമർശത്തോട് പാർട്ടിയിലെ വനിതാ നേതാക്കൾക്ക് യോജിപ്പുണ്ടായിരുന്നില്ല. വനിത കമീഷൻ അധ്യക്ഷയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി. സതീദേവിയുടെ വാക്കുകളിൽ അതൃപ്തി നിഴലിച്ചിരുന്നു. ഇതിനിടെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. വിഷയത്തിൽ മുന്നണി നേതൃത്വത്തെ സി.പി.ഐ നേതൃത്വം അതൃപ്തി അറിയിച്ചു.
ഹേമ കമീഷൻ റിപ്പോർട്ടിൽ അധികം പരിക്കേൽക്കാതെ കോടതിയെ ഭരമേൽപ്പിച്ച് തലയൂരാനുള്ള ശ്രമത്തിനിടെയാണ് സർക്കാറിനും പാർട്ടിക്കും അപ്രതീക്ഷിത പ്രഹരമായി ചലച്ചിത്ര അക്കാദമി ചെയർമാനെതിരായ നടിയുടെ വെളിപ്പെടുത്തലുണ്ടാകുന്നത്. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മേഖലയിലെ അനാരോഗ്യപ്രവണതകളെ തുടച്ചുനീക്കുമെന്ന് ആവേശത്തോടെ പ്രഖ്യാപിക്കുമ്പോഴാണ് സർക്കാർ സംവിധാനത്തിന്റെ തലപ്പത്തുള്ളയാൾക്കെതിരെതന്നെ സമാന ആരോപണമുയരുന്നത്. സിനിമ മേഖലയിലെ പുഴുക്കുത്തുകൾക്കെതിരെ ഉയർന്ന പൊതുരോഷം സർക്കാറിനുനേരെ തിരിക്കുന്നതായി നടിയുടെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി എന്ന ആരോപണങ്ങളെ പ്രതിരോധിച്ച് കാര്യങ്ങൾ ഒരുവിധം കരക്കെത്തിക്കുമ്പോഴാണ് പുതിയ പ്രതിസന്ധി.
ചെയർമാനെതിരായ ആരോപണം മാത്രമല്ല, രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ ‘വാവിട്ട’ ഇടപെടലാണ് സർക്കാറിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയത്. അപകടം തിരിച്ചറിഞ്ഞ് പാർട്ടി ഇടപെട്ടതോടെ മന്ത്രി പിൻവലിഞ്ഞെങ്കിലും പ്രതിപക്ഷം രഞ്ജിത്തിലൂടെ സജി ചെറിയാനെയും അതുവഴി സർക്കാറിനെയും കടന്നാക്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.