രാജിക്ക് ഇരുതല മൂർച്ച; കരുതലോടെ മുന്നണി
text_fieldsതിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രാജിവെച്ചത് താൽക്കാലിക ആശ്വാസമാകുമ്പോഴും സമൂഹമാധ്യമങ്ങളിലടക്കം ആവർത്തിക്കുന്ന വെളിപ്പെടുത്തലുകളിൽ കരുതലോടെ പാർട്ടിയും മുന്നണി നേതൃത്വവും. സിനിമ മേഖലയിലെ അനാരോഗ്യ പ്രവണതകൾക്കെതിരെയാണ് ആരോപണെങ്കിലും സിനിമ മേഖലയിലുള്ളവർ സർക്കാറിന്റെ ഭാഗമായുണ്ട് എന്നതാണ് പാർട്ടിയുടെയും മുന്നണിയുടെയും ആശങ്ക. ഇതിനോടകം എം. മുകേഷ് എം.എൽ.എക്കെതിരെ സമൂഹമാധ്യമങ്ങളിൽ മീ ടൂ ആരോപണമുയർന്നിട്ടുണ്ട്.
രഞ്ജിത്തിന്റെ രാജി താൽക്കാലികമായി തലയൂരാനുള്ള പഴുതായെങ്കിലും ആരോപണങ്ങൾ തുടർന്നാൽ രഞ്ജിത്തിന്റ നിലപാട് കീഴ്വഴക്കമാക്കി രാജി ആവശ്യം ഉയരുമെന്നതാണ് സർക്കാറിനെ സമ്മർദത്തിലാക്കുന്നത്.
ഹേമ കമീഷൻ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നത് കനത്ത വിമർശനമായി പൊതുസമൂഹത്തിന് മുന്നിലുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുണ്ടാകുന്ന പുത്തൻ വെളിപ്പെടുത്തലുകളിലിൽ എന്തു നടപടിയെടുത്തുവെന്നതും ചോദ്യമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങൾ പരിശോധിക്കാൻ ഐ.ജിയുടെ നേതൃത്വത്തിലെ സംഘത്തെ നിയോഗിക്കാൻ നിർബന്ധിതമായത്.
രഞ്ജിത്തിനെതിരെ ആരോപണമുയർന്ന പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പരമാർശങ്ങൾ അനുചിതമായി എന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ആരോപണ ഘട്ടത്തിൽ കുറ്റാരോപിതന്റെ കലാമികവ് എടുത്തുകാട്ടി കുറ്റകൃത്യത്തെ മറയ്ക്കാൻ ശ്രമിച്ചെന്നാണ് വിമർശനം. അക്കാദമി ചെയർമാൻ വരെ മാത്രം നീളുമായിരുന്ന പ്രതിഷേധങ്ങൾ സർക്കാറിലേക്ക് നീങ്ങാൻ കാരണം മന്ത്രിയുടെ ആദ്യ പരാമർശങ്ങളാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.