മിടുക്കോടെ തുടക്കം, മടുപ്പിച്ച് മടക്കം
text_fieldsതിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ പലകുറി ഉയർന്ന ആരോപണശരങ്ങളെ രാഷ്ട്രീയ ചക്രവ്യൂഹം ചമച്ച് നേരിട്ട സി.പി.എമ്മിനും മന്ത്രി സജി ചെറിയാനും ഒടുവിൽ തിരിച്ചടി. നടിയും ബംഗാളിൽ ഇടതുപക്ഷത്തിന്റെ സഹയാത്രികയുമായ ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ സർക്കാറിലും സി.പി.എമ്മിലും മുന്നണിയിലും എതിരഭിപ്രായം രൂക്ഷമായതോടെയാണ് രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറായത്. സി.പി.എം സഹയാത്രികനായിരുന്ന രഞ്ജിത്ത് ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് പാർട്ടിക്കും നേതാക്കൾക്കും പ്രിയപ്പെട്ടവനാകുന്നത്.
സർക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന രഞ്ജിത്താണ് മുഖ്യമന്ത്രിയിൽനിന്ന് സർക്കാറിന്റെ ആദ്യ പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങിയത്. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷന്റെ പ്രകടനപത്രിക പുറത്തിറക്കി രഞ്ജിത്ത് രാഷ്ട്രീയത്തിലും താരമായി. ഇതോടെ 2021ലെ നിയമസഭ തെരഞ്ഞടുപ്പിൽ കോഴിക്കോട് നോർത്തിൽ രഞ്ജിത്തിന്റെ പേരും ഉയർന്നു. എന്നാൽ സ്ഥാനാർഥിത്വത്തിനെതിരെ ജില്ലയിലെ ചില സംസ്ഥാന സമിതി അംഗങ്ങൾ എതിർപ്പുന്നയിച്ചതോടെ അവസാനനിമിഷം രഞ്ജിത്ത് പിന്മാറുകയായിരുന്നു.
രഞ്ജിത്തിന് മുന്നിലേക്ക് വെച്ചുനീട്ടിയ സ്ഥാനാർഥിത്വം തിരികെ എടുക്കേണ്ടിവന്നതിന്റെ കുറ്റബോധം പാർട്ടി തീർത്തത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം നൽകിയാണ്. രഞ്ജിത്തിനെ അക്കാദമിയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്നതിൽ ഇടത് സഹയാത്രികരായ സിനിമ പ്രവർത്തകരും ഫിലിം സൊസൈറ്റി പ്രവർത്തകരും എതിർപ്പറിയിച്ചെങ്കിലും അവയെല്ലാം തള്ളിക്കൊണ്ടാണ് സ്ഥാനമേൽക്കുന്നത്.
അതിജീവിതയെ വേദിയിലെത്തിച്ച് നായകനായി; ഒടുവിൽ പുറത്തേക്ക്
കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടക വേദിയിൽ മുഖ്യാതിഥിയായി എത്തിച്ച് എല്ലാവരുടെയും കൈയടി നേടിയായിരുന്നു രഞ്ജിത്തിന്റെ തുടക്കം. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിന്റെ വിവാദക്കറക്കൂടി ഇതിലൂടെ കഴുകിക്കളയാൻ താരത്തിനായി. തന്റെ പേനയില്‍ നിന്നും ഉയിര്‍കൊണ്ട കഥയോ കഥാപാത്രങ്ങളോ പോലെ തുടർന്നുള്ള വർഷങ്ങളും രഞ്ജിത്തിന്റേതായിരിക്കുമെന്ന് കരുതിയിടത്തുനിന്നും പിന്നേടങ്ങോട്ട് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ സംവിധായകൻ വിനയന്റെ ചിത്രത്തിന് പുരസ്കാരം നൽകുന്നതിനെതിരെ രഞ്ജിത്ത് ഇടപെട്ടെന്നാരോപിച്ച് ജൂറി അംഗങ്ങളായ നേമം പുഷ്പരാജും ജെൻസി ഗ്രിഗറിയും രംഗത്തെത്തിയത് സർക്കാറിനെ ഉലച്ചു. എന്നാൽ, ഈ വാദങ്ങൾ തള്ളിയ സജി ചെറിയാൻ രഞ്ജിത്ത് ചലച്ചിത്രരംഗത്തെ ‘മാന്യനായ ഇതിഹാസ’മാണെന്നാണ് വിശേഷിപ്പിച്ചത്. രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിനയൻ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പിനും നൽകിയ പരാതികളും തള്ളപ്പെട്ടു.
തമ്പുരാൻ ചമഞ്ഞു, ഭരണസമിതി തിരിഞ്ഞു
കഴിഞ്ഞ ചലച്ചിത്രമേളക്കിടെ ജനറൽ കൗൺസിലംഗം കുക്കു പരമേശ്വരനോട് മോശമായി സംസാരിച്ചതിനെ തുടർന്ന് രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് ഭരണസമിതി അംഗങ്ങൾ സമാന്തരയോഗം ചേർന്നിരുന്നു. രഞ്ജിത്ത് ആറാം തമ്പുരാൻ ചമയുകയാണെന്നും ചലച്ചിത്ര അക്കാദമി വരിക്കാശ്ശേരി മനയല്ലെന്നുമായിരുന്നു ജനറൽ കൗൺസിലംഗങ്ങൾ പരസ്യമായി പ്രതികരിച്ചത്. അപ്പോഴും മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ താൻ രാജിവെക്കാമെന്ന നിലപാടാണ് രഞ്ജിത്ത് സ്വീകരിച്ചത്. അക്കാദമി ഭരണസമിതിയിൽ സർക്കാർ നാമനിർദേശത്തിലൂടെ വന്ന 17ൽ 13 പേരും എതിരായിട്ടും രഞ്ജിത്തിനെ സർക്കാർ കൈവിട്ടില്ല. എന്നാൽ ബംഗാളിൽ സി.പി.എമ്മിനായി പോരാടുന്ന സി.പി.എം പ്രവർത്തക ശ്രീലേഖ മിത്രയുടെ പരാതി തള്ളാൻ പാർട്ടിക്കാകുമായിരുന്നില്ല. മന്ത്രിമാരായ വീണാ ജോർജ്, ബിന്ദു, വനിത കമീഷൻ അധ്യക്ഷ പി. സതീദേവി, സി.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ആനി രാജയടക്കമുള്ളവർ എതിർനിലപാട് എടുത്തതും സജി ചെറിയാന്റെ ‘രക്ഷാപ്രവർത്തന’ത്തെ വിഫലമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.