ഉറച്ചുനിൽക്കുമോ; ഉറപ്പിക്കാൻ അന്വേഷണസംഘം
text_fieldsകൊച്ചി: ഹേമ കമീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്, നടിമാർ അവർ നടത്തുന്ന വെളിപ്പെടുത്തലുകളിൽ ഉറച്ചു നിൽക്കുമോയെന്ന ആശങ്കയുടെ മറവിൽ. നിലവിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാമെങ്കിലും ആരോപണമുന്നയിച്ചവർ മൊഴികളിൽ ഉറച്ചു നിൽക്കുമോയെന്ന് ഉറപ്പു വരുത്തണമെന്ന നിയമോപദേശം സർക്കാറിന് ലഭിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ നേരിട്ട് കേസെടുക്കാനാവില്ലെന്നും പരാതി ലഭിച്ചാൽ കേസെടുക്കാമെന്നുമുള്ള നിലപാട് സർക്കാർ സ്വീകരിച്ചതും ഈ ആശങ്ക ഉയർത്തിക്കാട്ടിയാണ്. വെളിപ്പെടുത്തൽ നടത്തുന്നവരുടെ മൊഴി ഉറപ്പിച്ച ശേഷം നടപടിയാകാമെന്ന തരത്തിലാണ് സംഘത്തിന് രൂപം നൽകിയിരിക്കുന്നത്.
ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിച്ചാൽ പരാതിയില്ലാതെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എഫ്.ഐ.ആർ എടുത്ത ശേഷമാണ് ഇരകളുടെയും സാക്ഷികളുടെയും മൊഴിയെടുക്കലും രേഖകൾ പിടിച്ചെടുക്കലുമടക്കം അന്വേഷണത്തിന്റെ നടപടിക്രമങ്ങളുണ്ടാവുക. അന്വേഷണം മുന്നോട്ടു പോകണമെങ്കിൽ മൊഴി അനിവാര്യമാണ്. ഇപ്പോൾ ചില നടിമാർ നടത്തിയ വെളിപ്പെടുത്തലുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉന്നയിക്കാൻ തയാറാവാതെ വന്നാൽ അന്വേഷണം വഴി മുട്ടും. ദിലീപ് പ്രതിയായ നടി ആക്രമണ കേസിലെ 20 സാക്ഷികൾ കൂറുമാറിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു ആശങ്ക മുന്നിൽ വെച്ചത്. നടി ആക്രമണ കേസിൽ പൊലീസിന് നൽകിയ മൊഴി ഇത്രയും പേർ കോടതിയിൽ മാറ്റിപ്പറയുകയായിരുന്നു. സിനിമ മേഖലയിൽ വലിയ സ്വാധീനമുള്ള പ്രതിയായ നടന്റെ നിരന്തര സ്വാധീനമാണ് ഈ സാഹചര്യത്തിനിടയാക്കിയതെന്നാണ് കോടതിയിലടക്കം സർക്കാർ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.