ആരോപണങ്ങളുമായി വനിത സംവിധായകർ; ഷാജി എൻ. കരുണും കുരുക്കിൽ
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമ നയത്തിന്റെ കരട് തയാറാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാൻ ഷാജി എൻ. കരുണിനെതിരെ ആരോപണങ്ങളുമായി വനിത സംവിധായകർ രംഗത്ത്. കെ.എസ്.എഫ്.ഡി.സി നിർമിച്ച ‘നിള’ ചിത്രത്തിന്റെ സംവിധായിക ഇന്ദു ലക്ഷ്മിയും ‘ഡിവോഴ്സി’ന്റെ സംവിധായിക മിനി എം.ജിയുമാണ് ആരോപണം ഉന്നയിച്ചത്.
കെ.എസ്.എഫ്.ഡി.സി നടപ്പാക്കുന്ന ‘വനിത സംവിധായകരുടെ സിനിമ’ പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച അവർ, പ്രത്യേക സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഷാജി എൻ. കരുണിനെ മാറ്റണമെന്നും ആവശ്യപ്പെട്ടു.
‘നിള’ ഉൾപ്പെടെ നാല് സിനിമകൾക്കും ഒന്നരക്കോടി ബജറ്റാണ് സർക്കാർ അനുവദിച്ചത്. ‘നിള’ക്ക് ആ ബജറ്റിന്റെ ആവശ്യമില്ല. ഷൂട്ടിങ് നടക്കുമ്പോൾ തന്നെ ലൈൻ പ്രൊഡ്യൂസർ സാമ്പത്തിക ക്രമക്കേട് ചെയ്യുന്നുവെന്ന് മനസ്സിലായപ്പോൾ ഷാജിയെ പല തവണ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പുച്ഛത്തോടെ നിരസിച്ചുവെന്നും ഇന്ദു ലക്ഷ്മി ‘മാധ്യമ’ത്തോട് പറഞ്ഞു. ‘നാല് അവാർഡ് വാങ്ങിക്കൊണ്ടുവന്നാൽ നിങ്ങൾ പറയുന്നത് ഞാൻ കേട്ടേക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒടുവിൽ നിരന്തരം കത്തിടപാടുകളുടെ അടിസ്ഥാനത്തിൽ ഷാജി എൻ. കരുൺ ഒരു മീറ്റിങ് വിളിച്ചു. ഒന്നരമണിക്കൂർ അവർ എന്നെ വാക്കുകൾകൊണ്ട് അപമാനിച്ചു. ഫിലിം ഓഫിസർ എന്റെ ശരീരഭാഷയെ അപമാനിച്ചു. ലൊക്കേഷനുകളിൽ പ്രാഥമികകൃത്യം നടത്താനുള്ള അസൗകര്യത്തെകുറിച്ച് സംസാരിച്ചപ്പോൾ ‘ഇന്ദു മൂത്രമൊഴിച്ചതിന്റെ ബിൽ വരെ നൽകിയിട്ടുണ്ട്’ എന്ന ഫിലിം ഓഫിസറുടെ ‘തമാശ’ കേട്ട് എല്ലാവരും ചിരിച്ചു. ‘കാലങ്ങളായി സിനിമയിൽ സ്ത്രീകൾ ഈ പ്രശ്നങ്ങളോടൊക്കെ പൊരുത്തപ്പെട്ടു പോകുന്നുണ്ട്’ എന്നാണ് ഷാജി എൻ. കരുൺ അന്ന് പറഞ്ഞത്.
‘ഡിവോഴ്സ്’ സിനിമ കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയതെന്ന് മിനി പറഞ്ഞു. ഒരു കാരണവുമില്ലാതെ ഷാജി എൻ. കരുൺ ഇടപെട്ട് പല തവണ റിലീസ് മാറ്റിവെച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
പരാതി ഉന്നയിക്കുന്നവർക്ക് മിഡിൽ ക്ലാസ് സംസ്കാരം -ഷാജി എൻ. കരുൺ
തിരുവനന്തപുരം: തനിക്കെതിരെ പരാതി ഉന്നയിക്കുന്നവർക്ക് മിഡിൽ ക്ലാസ് സംസ്കാരമെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ. കെ.എസ്.എഫ്.ഡി.സിക്ക് കീഴിൽ സിനിമ എടുക്കാൻ വരുന്നവർക്ക് താനൊരു പരിശീലകൻ കൂടിയാണ്. സിനിമ ചെയ്ത് പരിചയമുള്ളവർ അത് ശരിയല്ലെന്ന് പറയുമ്പോൾ വേദനിച്ചു എന്ന് പറയുന്നവർക്ക് സിനിമ എടുക്കാനറിയില്ല. കെ.എസ്.എഫ്.ഡി.സി ചെയർമാനെന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. അതിൽ അഞ്ച് ശതമാനം മാത്രമാണ് അവർക്ക് നേരായ ഉപദേശം നൽകുകയെന്നും ഷാജി എൻ. കരുൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.