ചലച്ചിത്ര അക്കാദമി ചെയർമാൻ കസേരക്ക് ചരടുവലി
text_fieldsതിരുവനന്തപുരം: ലൈംഗിക ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ പകരക്കാരനെ കണ്ടെത്താൻ സി.പി.എമ്മിൽ ചർച്ച തുടങ്ങി.
കേരള ചലച്ചിത്ര വികസന കോർപറേഷൻ (കെ.എസ്.എഫ്.ഡി.സി) ചെയർമാനും അക്കാദമി മുൻ ചെയർമാനുമായ ഷാജി എൻ. കരുണിന്റെയും അക്കാദമി മുൻ വൈസ് ചെയർപേഴ്സൺ ബീന പോളിന്റെയും പേരാണ് സജീവമായി ഉള്ളതെങ്കിലും സംവിധായകൻ ടി.വി. ചന്ദ്രൻ, മുൻ ചെയർമാൻ കമൽ, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവരും പരിഗണനയിലുണ്ട്.
സർക്കാർ പറഞ്ഞാൽ അക്കാദമി ചെയർമാൻ പദവി വഹിക്കാന്‍ തയാറാണെന്ന് ഷാജി എൻ. കരുൺ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഷാജി വരുന്നതിൽ ഇടതുപക്ഷ സിനിമ സഹയാത്രികരിൽതന്നെ ഭിന്നാഭിപ്രായമുണ്ട്. ഷാജിയുടെ പെരുമാറ്റത്തിനെതിരെ ഒരു വിഭാഗം വനിതാ സംവിധായകർ പരസ്യമായി രംഗത്തുവന്നതും ഫിലിം സൊസൈറ്റി പ്രവർത്തകരുടെ താൽപര്യക്കുറവും സി.പി.എമ്മിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഷാജി നടത്തുന്നതെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.വി. ചന്ദ്രനെയാണ് തെരഞ്ഞെടുത്തത്. ഷാജി എൻ. കരുണിന്റെ പാനലിനെ തോൽപ്പിച്ചാണ് ടി.വി. ചന്ദ്രന്റെ പാനൽ ജയിച്ചത്.
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അധ്യക്ഷസ്ഥാനത്തേക്ക് സ്ത്രീയെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ എന്നീ പദവികളിലിരുന്ന ബീനാ പോളിനായി സിനിമയിലെ വനിതാ സംഘടന ഡബ്ല്യു.സി.സി രംഗത്തെത്തിയിട്ടുണ്ട്. ഡബ്ല്യു.സി.സി സ്ഥാപകാംഗങ്ങളിൽ ഒരാൾ കൂടിയാണ് ബീന. ഒരു സ്ത്രീ അക്കാദമിയുടെ ചുമതലയേറ്റടുത്തുവെന്ന് കരുതി ലോകം അവസാനിക്കില്ലെന്നും യോഗ്യതയുള്ള വ്യക്തിതന്നെയാണ് ബീനാ പോളെന്നും നടി പാർവതി തിരുവോത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോൾ ബീനയെപ്പോലൊരാളെ അക്കാദമി തലപ്പത്ത് കൊണ്ടുവരുന്നത് ആശ്വാസമാകുമെന്ന അഭിപ്രായം സി.പി.എമ്മിൽ ശക്തമാണ്.
എന്നാൽ, ബീനയെ പരിഗണിക്കുന്നതിനെതിരെ സംവിധായകൻ ഡോ. ബിജു അടക്കം സമാന്തര സിനിമ പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയത് തലവേദനയായിട്ടുണ്ട്. ചലച്ചിത്രമേളയെ വ്യക്തി താൽപര്യങ്ങൾക്കും സ്വജനപക്ഷപാതത്തിനും ബീന ഉപയോഗിച്ചെന്നാണ് ബിജുവിന്റെ ആരോപണം. ഡിസംബറിൽ ചലച്ചിത്രമേള സംഘടിപ്പിക്കേണ്ടതിനാൽ എത്രയുംവേഗം പുതിയൊരാളെ കണ്ടെത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.