മുകേഷിന്റെ രാജി: സർക്കാർ സമ്മർദത്തിൽ
text_fieldsതിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട നടൻ മുകേഷ് എം.എൽ.എയുടെ രാജിക്കാര്യത്തിൽ സി.പി.എമ്മും സർക്കാറും സമ്മർദത്തിൽ. തൽക്കാലം രാജിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി. എന്നാൽ, മുകേഷ് രാജിവെക്കണമെന്ന നിലപാടിലാണ് സി.പി.ഐ. ഇക്കാര്യം സി.പി.എമ്മിനെ അറിയിക്കാൻ വ്യാഴാഴ്ച ചേർന്ന നേതൃയോഗം തീരുമാനിച്ചു. മുകേഷിന്റെ രാജി സി.പി.എം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് കോൺഗ്രസ്. മുകേഷ് രാജിവെച്ചേ മതിയാകൂവെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നില്ല. മുകേഷിനെ പ്രതിരോധിക്കാൻ, കോൺഗ്രസ് എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, എം. വിൻസെന്റ് എന്നിവർക്കെതിരായ പീഡനക്കേസുകൾ സി.പി.എം ആയുധമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംയമനം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിൽ മുകേഷ് വിഷയവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. വ്യാഴാഴ്ച ചേർന്ന സി.പി.എം അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗം മുകേഷിന്റെ രാജി ഇപ്പോൾ വേണ്ടെന്ന ധാരണയിലാണ് പിരിഞ്ഞത്. മുകേഷിന്റെ രാജി ഉണ്ടാകില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച ചേർന്ന സി.പി.ഐ നേതൃയോഗത്തിന്റെ വികാരം മുകേഷിനെതിരാണ്. മുകേഷിന്റെ രാജി അനിവാര്യമാണെന്ന് യോഗത്തിൽ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. രാജിക്ക് തിരക്കുകൂട്ടേണ്ടെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്. സമാന ആരോപണം നേരിട്ട പ്രതിപക്ഷ എം.എൽ.എമാർ രാജിവെക്കാത്തത് അദ്ദേഹം ചൂണ്ടിക്കാട്ടി. മുകേഷിനെ കൈവിടാൻ തൽക്കാലം സി.പി.എം തയാറല്ലെന്ന് മനസ്സിലാക്കിയാണ് ബിനോയ് വിശ്വം നിലപാട് മയപ്പെടുത്താൻ ശ്രമിച്ചത്. സെക്രട്ടറിയുടെ മൃദുനിലപാടിനോട് നേതൃയോഗം യോജിച്ചില്ല. കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കാത്തതിനാൽ മുകേഷിന്റെ രാജി വേണ്ടെന്ന നിലപാട് ഇടതുപക്ഷത്തിന് ചേരില്ലെന്ന് അവർ തുറന്നടിച്ചു.
ഒടുവിൽ രാജിവേണമെന്ന പാർട്ടി വികാരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിക്കാൻ ബിനോയ് വിശ്വത്തെ യോഗം ചുമതലപ്പെടുത്തി. സി.പി.ഐ നിലപാട് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നെന്ന പരാതി സി.പി.എമ്മിനുണ്ട്. ആനി രാജ, പ്രകാശ് ബാബു എന്നിവർ മുകേഷിന്റെ രാജി പരസ്യമായി ആവശ്യപ്പെട്ടതിലുള്ള അതൃപ്തി സി.പി.എം സി.പി.ഐ നേതൃത്വത്തെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാകും. സിനിമ നയനിർമാണ സമിതിയിൽനിന്ന് മാറ്റിനിർത്തുന്നതിനപ്പുറം നടപടികളൊന്നും മുകേഷിനെതിരെ പാർട്ടിയുടെ അജണ്ടയിലില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.