ഹേമ കമ്മിറ്റി: ഇനി സമഗ്ര അന്വേഷണം
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) കൈമാറണമെന്ന ഹൈകോടതി ഉത്തരവ്, റിപ്പോർട്ടിന്മേൽ നടപടിയെടുത്തെന്ന സർക്കാർ വാദം പാടെ തള്ളുന്നതായി. റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന കുറ്റകൃത്യങ്ങളിൽ സമഗ്ര അന്വേഷണമാണ് വേണ്ടതെന്ന കോടതി നിലപാടും സർക്കാരിന് തിരിച്ചടിയായി. 2019ൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ 2024 ആഗസ്റ്റ് 25ന് മാത്രം അന്വേഷണസംഘത്തെ നിയോഗിച്ച സർക്കാർ വീഴ്ചയും കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് സർക്കാരിനും ഡി.ജി.പിക്കും മുന്നിൽ ഉണ്ടായിട്ടും കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കാൻ ബാധ്യതയുണ്ടായിട്ടും സർക്കാർ അത് ചെയ്യാതിരുന്നതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ശ്രദ്ധയിൽപെടുന്ന കുറ്റകൃത്യങ്ങളുടെ ഗൗരവമനുസരിച്ച് അന്വേഷണസംഘം നടപടിയെടുക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം നടപടി റിപ്പോർട്ട് സർക്കാരിന് നൽകണം. സർക്കാർ അത് കോടതി മുമ്പാകെ സമർപ്പിക്കുകയും വേണം. ഇതിനുശേഷമേ മുദ്രവെച്ച കവറിൽ ലഭിച്ച സമ്പൂർണ റിപ്പോർട്ട് കോടതിയുടെ പരിഗണനക്കെത്തൂവെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ തടയണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. എന്നാൽ, അന്വേഷണസംഘത്തിനുമേൽ മാധ്യമങ്ങൾ സമ്മർദം ചെലുത്തരുതെന്ന് കോടതി നിർദേശിച്ചു. വാർത്തസമ്മേളനം നടത്തുകയോ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയോ പരാതിക്കാരുടെയോ പ്രതികളുടെയോ വിവരങ്ങൾ പുറത്തുവിടുകയോ ചെയ്യരുതെന്ന് അന്വേഷണസംഘത്തിനും നിർദേശം നൽകി. അതേസമയം, റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്നവരുടെ പേര് പറയാതെ അന്വേഷണ പുരോഗതി മാധ്യമങ്ങളോട് പറയുന്നതിൽ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.