'പരാതിയുമായി വന്നാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കും'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോടതി ഇടപെടൽ വേണമെന്ന് എ.കെ.ബാലൻ
text_fieldsതിരുവനന്തപുരം: മുഖം നോക്കാതെ നടപടിയെടുക്കുന്ന സർക്കാറാണ് പിണറായി വിജയന്റെതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ കോടതിയുടെ ഇടപെടലുണ്ടാകണമെന്നും മുൻ മന്ത്രി എ.കെ.ബാലൻ പറഞ്ഞു.
നിലവിലെ റിപ്പോർട്ട് പ്രകാരം കേസെടുക്കുന്നതിന് പ്രായോഗിക തടസങ്ങളുണ്ട്. സർക്കാരിന് വ്യക്തിപരമായ പരാതികൾ ലഭിച്ചിട്ടില്ല. കമീഷന് മുന്നിൽ മൊഴികൊടുത്തവരിൽ ആരെങ്കിലും ഒരാൾ പരാതിയുമായി മുന്നോട്ടുവന്നാൽ ഏതു കൊമ്പത്തെ വമ്പനായാലും സർക്കാർ നടപടി സ്വീകരിക്കുമെന്നും അതിനുള്ള ഇച്ഛാശക്തി സർക്കാറിനുണ്ടെന്നും ബാലൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും മറച്ചുവയ്‌ക്കാനില്ല. 2017 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സിനിമ മേഖലയിൽ കണ്ടുവരുന്ന തെറ്റായ പ്രവണത മനസിലാക്കാനും അത് ആവർത്തിക്കാതിരിക്കാനും കമ്മിറ്റിയെ വച്ചത്. 2019 ൽ ജസ്‌റ്റിസ് ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് കൈമാറി.
ഹേമ കമ്മിറ്റിക്ക് മുന്നിൽ തെളിവ് നൽകിയ ചിലർ സ്വകാര്യത ഹനിക്കുന്ന ഒന്നും പ്രസിദ്ധപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ഉറപ്പ് കമ്മിറ്റിയും അവർക്ക് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് പല കാര്യങ്ങളും തുറന്നുപറഞ്ഞത്. അത് ഒരിക്കലും പുറത്തുവിടരുതെന്ന് കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. അത്തരം കാര്യങ്ങൾ എന്തെന്ന് സർക്കാരിന്റെ മുന്നിലില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് കേസ് എടുക്കാനുമാകില്ല. ആരെങ്കിലും പരാതിയുമായി മുന്നോട്ടുവന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും എ.കെ.ബാലൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.