ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈകോടതി
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈകോടതി. വനിത ജഡ്ജി ബെഞ്ചിന്റെ അംഗമാകും. സജിമോൻ പാറയലിന്റെ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതി തീരുമാനം. ഒരു ഭാഗം മാത്രം കേട്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതിനാൽ ഇത് പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടായിരുന്നു സജിമോൻ പാറയിൽ ഹരജി നൽകിയത്.
അഞ്ചംഗ വിശാല ബെഞ്ചായിരിക്കും കേസുകൾ പരിഗണിക്കുന്നതിനായി നിലവിൽ വരിക. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അംഗമായ ഡിവിഷൻ ബെഞ്ചാണ് വിശാല ബെഞ്ചിന് രൂപം നൽകിയത്.
നേരത്തെ പ്രത്യേക സംഘത്തിന്‍റെ അന്വേഷണപരിധിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വേണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വായിക്കേണ്ടെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. റിപ്പോർട്ടിന്‍റെ പൂർണരൂപം സർക്കാരിൽ നിന്ന് ആവശ്യപ്പെടേണ്ടെന്നും തീരുമാനമെടുത്തിരുന്നു. റിപ്പോർട്ടിൽ ഹൈകോടതി തീരുമാനം വന്നശേഷം തുടർനടപടിയാവാമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ ഡി.ജി.പി നിർദേശം നൽകിയിരുന്നു.
അതേസമയം, സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ പ്രത്യേക അന്വേഷണ സംഘം ഇ- മെയിൽ ഐ.ഡിയും വാട്സ്ആപ്പ് നമ്പരും ഏർപ്പെടുത്തി. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയുടെ മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്‍റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പരിലും പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര താരങ്ങളായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, നിവിൻ പോളി, സംവിധായകൻ രഞ്ജിത്, വി.കെ പ്രകാശ് തുടങ്ങി നിരവധി പ്രമുഖർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.