ഹേമ കമ്മിറ്റി റിപ്പോർട്ട്: മൊഴി നൽകിയവർക്ക് കേസ് വേണ്ടെങ്കിൽ നിർബന്ധിക്കുന്നതെങ്ങനെ -ഹൈകോടതി
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നാണ് അവർ അറിയിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈകോടതിയിൽ പറഞ്ഞു. മൊഴി നൽകിയവരുടെ നിലപാട് ഇതാണെങ്കിൽ നിർബന്ധിക്കാനാവില്ലല്ലോയെന്നായിരുന്നു ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പ്രതികരണം. മുദ്രവെച്ച കവറിലാണ് അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. വിവരം ലഭിച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷിക്കേണ്ട വിഷയമാണെന്ന് ഹരജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം.
പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് എസ്.ഐ.ടി അറിയിച്ചതെന്നും കോടതി വ്യക്തമാക്കി. എസ്.ഐ.ടി നിലപാട് തെറ്റാണെന്ന് ഹരജിക്കാർ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടുപോകണോ വേണ്ടയോ എന്നത് അതിജീവിതയുടെ തീരുമാനത്തിന് വിടാനേ കഴിയൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. തങ്ങൾക്കുണ്ടായ അനുഭവം ഭാവിയിൽ മറ്റാർക്കും ഉണ്ടാകരുതെന്നതാണ് മൊഴി നൽകിയവരുടെ ലക്ഷ്യം. പരാതിക്കാർ സഹകരിക്കാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നും കോടതി വ്യക്തമാക്കി.
മൊഴി നൽകിയവർക്ക് താൽപര്യമില്ലെന്ന് പറഞ്ഞാൽ അന്വേഷണവുമായി മുന്നോട്ട് പോകാനാവില്ലെന്ന് അഡ്വക്കറ്റ് ജനറലും ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ സർക്കാർ സ്വീകരിച്ച നടപടികളും ശ്രദ്ധയിൽപെടുത്തി. സിനിമാമേഖലയിലെ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക നിയമ നിർമാണമടക്കം പരിഗണനയിലുണ്ടെന്ന് സർക്കാർ അറിയിച്ചു. ഇതിലെ നിർദേശങ്ങൾ പരിശോധിച്ച് സാധ്യതകൾ അറിയിക്കാൻ വനിതാകമീഷന് നിർദേശം നൽകി. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്. അജിത ബീഗം, ജി. പൂങ്കുഴലി എന്നിവർ ഹൈകോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ഇവരിൽനിന്ന് കോടതി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
എസ്.ഐ.ടിക്ക് ഇരകൾ നൽകിയ മൊഴികൾ ഒരു ചാനൽ പുറത്തുവിട്ടുവെന്ന ആരോപണം ഡബ്ല്യു.സി.സി ഉന്നയിച്ചു. ഹേമ കമ്മിറ്റിക്കോ എസ്.െഎ.ടിക്കോ നൽകിയ മൊഴി റിപ്പോർട്ട് ചെയ്താൽ ഗൗരവത്തോടെ കാണുമെന്ന് കോടതി വ്യക്തമാക്കി. ചൂഷണം നടക്കുന്നുണ്ടെന്നത് യാഥാർഥ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടികളടക്കം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികളാണ് പരിഗണനയിലുള്ളത്. ഹരജികൾ ഒക്ടോബർ 14ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.