ഹേമ കമ്മിറ്റി റിപ്പോർട്ട്; ഒളിച്ചുകളി വേണ്ട
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒളിച്ചുവെച്ച വിവരങ്ങളിൽ ഇടപെടലുമായി സംസ്ഥാന വിവരാവകാശ കമീഷൻ. പെൻഡ്രൈവുകളും സീഡിയും അടങ്ങിയ റിപ്പോർട്ടിന്റെ പൂർണരൂപം അടിയന്തരമായി മുദ്രവെച്ച കവറിൽ വിവരാവകാശ കമീഷന് കൈമാറണമെന്ന് വിവരാവകാശ കമീഷൻ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടു.
വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിനായി പണം അടപ്പിച്ചശേഷം അപേക്ഷകരെ അറിയിക്കാതെ അഞ്ച് പേജുകൾ ഒഴിവാക്കിയതിനെതിരെ ‘മാധ്യമം’ ലേഖകൻ അനിരു അശോകൻ നൽകിയ അപ്പീലിന്മേലാണ് നടപടി. റിപ്പോർട്ട് വായിച്ചശേഷം സർക്കാർ ഒഴിവാക്കിയ ഖണ്ഡികകൾ പുറത്തുവിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് ജൂലൈ അഞ്ചിന് വിവരാവകാശ കമീഷൻ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 33 ഖണ്ഡികകൾ കമീഷൻ നേരിട്ട് ഒഴിവാക്കി. കൂടാതെ, സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങളുണ്ടെങ്കിൽ അത് ഒഴിവാക്കാൻ സംസ്ഥാന ഇൻഫർമേഷൻ ഓഫിസർക്ക് (എസ്.പി.ഐ.ഒ) വിവേചന അധികാരമുണ്ടായിരിക്കും.
എന്നാൽ, റിപ്പോർട്ടിൽനിന്ന് ഒഴിവാക്കുന്ന ഭാഗങ്ങൾ ഏതാണെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കണമെന്നും കമീഷൻ ഉത്തരവിൽ സർക്കാറിനെ അറിയിച്ചിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമീഷൻ വിലക്കിയ 33 ഖണ്ഡികകൾക്കു പുറമെ, 101 ഖണ്ഡികകൾ കൂടി സാംസ്കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസറായ സുഭാഷിണി തങ്കച്ചി ഒഴിവാക്കി. ഇതിന് ശേഷമുള്ള 233 പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കുന്നതിന് പേജ് ഒന്നിന് മൂന്നുരൂപ നിരക്കിൽ ട്രഷറിയിൽ അടക്കണമെന്നാണ് ജൂലൈ 18ന് എസ്.പി.ഐ.ഒ രേഖാമൂലം അപേക്ഷകരെ അറിയിച്ചിരുന്നത്.
ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും വരികളും പട്ടിക തിരിച്ച് അപേക്ഷകർക്ക് നൽകി. എന്നാൽ, ആഗസ്റ്റ് 19ന് നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി തള്ളിയതിനു പിന്നാലെ ഒഴിവാക്കൽ പട്ടികയിൽ ഇല്ലാതിരുന്ന 49 മുതൽ 53 പേജുകളിലെ 11 ഖണ്ഡികകൾ കൂടി ഒഴിവാക്കിയാണ് സാംസ്കാരിക വകുപ്പ് അപേക്ഷകർക്ക് റിപ്പോർട്ട് നൽകിയത്. ഇതിനെതിരെയാണ് ‘മാധ്യമം’ അപ്പീലുമായി വിവരാവകാശ കമീഷനെ സമീപിച്ചത്.
49 മുതൽ 53 വരെ പേജുകൾ ഒഴിവാക്കാൻ തീരുമാനിച്ചതാണെന്നും അത് അപേക്ഷകരെ അറിയിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്നും ബുധനാഴ്ച കമീഷൻ വിളിച്ച ഹിയറിങ്ങിൽ എസ്.പി.ഐ.ഒ സുഭാഷിണി തങ്കച്ചിയും സാംസ്കാരിക വകുപ്പ് ജോയന്റ് സെക്രട്ടറി ആർ. സന്തോഷും അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടെ നടപടി സർക്കാറിന്റെ പ്രതിച്ഛായ മോശമാക്കിയെന്നും രാജ്യവ്യാപകമായി ചർച്ച ചെയ്യേണ്ട റിപ്പോർട്ടിനെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിവിട്ടെന്നും ഡോ.എ. അബ്ദുൽ ഹക്കീം വിമർശിച്ചു.
ഇക്കാര്യത്തിൽ അപേക്ഷകരോട് മാപ്പ് പറയാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും കമീഷൻ അംഗീകരിച്ചില്ല. തുടർന്ന് അപേക്ഷകന്റെ അഭ്യർഥന പ്രകാരമാണ് ഉദ്യോഗസ്ഥർ ഒഴിവാക്കിയ റിപ്പോർട്ടിലെ 112 ഖണ്ഡികകൾ പുനഃപരിശോധിക്കാൻ പൂർണരൂപം അടിയന്തരമായി കമീഷന് മുന്നിൽ ഹാജരാക്കാൻ നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.