ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളില്‍ കേസെടുക്കരുത്; ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയിലാണ് ഹരജി നൽകിയത്. ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഹരജി അടിയന്തിരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സജിമോന്‍ പാറയിലിൻ്റെ അഭിഭാഷകന്‍ എ. കാര്‍ത്തിക്ക് സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയിരുന്നു. ഹരജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരാകും എന്നാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവര്‍ അടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്. എന്നാല്‍, അന്വേഷണം നടത്തുന്ന വേളയില്‍ പരാതിക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആരോപണ വിധേയരായവര്‍ക്ക് കേസിൻ്റെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നത് വരെ എഫ്.ഐ.ആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ കൈമാറരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് സുപ്രീം കോടതിയില്‍ ഹരജി.
ഹേമ കമ്മിറ്റിക്ക് മുമ്പാകെ പീഡന പരാതി നല്‍കിയിരുന്ന പലരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് മൊഴി നല്‍കാന്‍ പരാതിക്കാരുടെ മേല്‍ പ്രത്യേക അന്വേഷണ സംഘം സമ്മര്‍ദ്ദം ചെലുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പരാതിക്കാര്‍ സഹകരിച്ചില്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.