ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും, സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും
text_fieldsകൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ ഹൈകോടതി ഇന്ന് പരിഗണിക്കും. ഹൈകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് അമികസ് ക്യൂറി ആദ്യ റിപ്പോര്‍ട്ട് നല്‍കിയേക്കും. ഹേമ കമ്മിറ്റിയുടെ രൂപവൽകരണം നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈകോടതിയുടെ പരിഗണനക്ക് വരും. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
കണ്ണൂര്‍ സ്വദേശിയായ ചലച്ചിത്ര പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിച്ചേക്കും. ഹര്‍ജി നല്‍കാന്‍ വൈകി എന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള അന്വേഷണ പുരോഗതി എസ്.ഐ.ടി ഇന്ന് ഹൈകോടതിയെ അറിയിക്കുകയും ചെയ്യും.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വനിതാ കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നും കമ്മീഷന്‍ ആരോപിക്കുന്നു.
ഹേമകമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തോടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ ഹൈകോടതി നിർദേശിച്ചത്. 2017 ജൂലൈയിലാണ് ഹേമ കമ്മിറ്റിയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ.ബി. വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയെയാണ് സർക്കാർ രൂപവൽകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.