‘എന്റെ വഴി എന്റെ അവകാശം’ -മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളി സുരേഷ് ഗോപി, ചോദ്യങ്ങളോട് വീണ്ടും ക്ഷുഭിതനായി പ്രതികരണം
text_fieldsതൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച ചോദ്യങ്ങളോട് വീണ്ടും ക്ഷുഭിതനായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂർ രാമനിലയത്തിലാണ് സംഭവം. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞാണ് മന്ത്രി മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്. മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ അദ്ദേഹം മൈക്കും തട്ടിക്കളഞ്ഞു. ജനങ്ങൾക്കറിയാനുള്ള ചോദ്യമാണ് തങ്ങൾ ഉന്നയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ‘സൗകര്യമില്ല’ എന്നായിരുന്നു മറുപടി. തുടർന്ന് കാറിൽ കയറി വാതിലടച്ചു.
രാവിലെ മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ‘ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങൾ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല’ എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി പറഞ്ഞത്. എന്നാൽ, ഈ വാദത്തെ തള്ളി പാർട്ടി പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തുവന്നു. സുരേഷ് ഗോപി ഒരു നടനെന്ന നിലയിലാണ് അത് പറഞ്ഞതെന്നും എന്നാൽ, പാർട്ടിക്ക് മറ്റൊരു നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് രാജി വെക്കണമെന്നതാണ് ബി.ജെ.പി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി മാധ്യമങ്ങളുടെ നേരെ തിരിഞ്ഞത്.
സുരേഷ് ഗോപി രാവിലെ പറഞ്ഞത്: " കോടതി വല്ലതും പറഞ്ഞോ മുകേഷിന്റെ കാര്യത്തിൽ, ആരോപണങ്ങൾ നിങ്ങൾ സൃഷ്ടിക്കുന്നതാണ്. എല്ലാം കോടതി പറയും. ആരോപണങ്ങളെ കുറിച്ച് നിങ്ങൾ 'അമ്മ'യിൽ പോയി ചോദിക്കുക. അല്ലെങ്കിൽ ഞാൻ അമ്മയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഈ ചോദ്യങ്ങൾ ചോദിക്കൂ, ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിവരുമ്പോൾ ഓഫീസിനെ സംബന്ധിച്ച കാര്യങ്ങൾ ചോദിക്കുക, വീട്ടിൽ നിന്ന് ഇറങ്ങിവരുമ്പോൾ വീട്ടിലെ കാര്യങ്ങൾ ചോദിക്കുക. ഇപ്പോൾ ഞാൻ ഒരു വിശുദ്ധ സ്ഥലത്ത് നിന്നാണ് ഇറങ്ങി വരുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിങ്ങൾക്ക് അറിയാനുണ്ടോ..ചോദിക്കൂ.. ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങൾ ക്യാഷുണ്ടാക്കിക്കോളൂ. കുഴപ്പമില്ല.
എന്നാൽ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം കോടതിയിലുണ്ടെങ്കിൽ കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട് കോടതി തീരുമാനമെടുത്തോളും. സർക്കാർ അത് കോടതിയിൽ കൊടുത്താൽ അവർ സ്വീകരിക്കും. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. തമ്മിത്തല്ലിച്ച് സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടാനാണ് നിങ്ങളുടെ ശ്രമം. പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങൾ കോടതിയാണോ..കോടതി തീരുമാനിക്കും"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.