ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘ഒളിപ്പിച്ച’ത് പുറത്തുവരുമോ? പേജുകൾ പുറത്തുവരുന്നതിൽ സർക്കാറിന് ഭയമില്ലെന്ന് മന്ത്രി സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, സർക്കാർ 'ഒളിച്ചുവെച്ച' വിവരങ്ങൾ പുറത്തുവിടുന്നതിൽ സംസ്ഥാന വിവരാവകാശ കമീഷന്‍റെ അന്തിമ തീരുമാനം ഇന്നറിയാം. അതിനിടെ ഹേമ കമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
റിപ്പോര്‍ട്ടിലെ നീക്കം ചെയ്തുവെന്ന് പറയുന്ന ഏഴ് പേജുകള്‍ പുറത്തുവരുന്നതില്‍ സര്‍ക്കാറിന് ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘സര്‍ക്കാര്‍ എന്തിന് ഭയപ്പെടണം? പുറത്തുവരട്ടെ. ആദ്യഘട്ടത്തില്‍ നിങ്ങള്‍ തന്നെ പറഞ്ഞില്ലേ ഒരുപാട് സംഭവങ്ങള്‍ ഉണ്ടെന്ന്. പുറത്തുവിട്ടപ്പോള്‍ ഒന്നും വന്നില്ലല്ലോ. ഇനി അതിനകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് എനിക്കറിയില്ല. ഞാന്‍ വായിച്ചിട്ടില്ല. ആരെങ്കിലും നിയമനടപടി സ്വീകരിച്ച് അത് പുറത്ത് കൊണ്ടുവരുന്നെങ്കില്‍ അങ്ങനെ നടക്കട്ടെ. സര്‍ക്കാര്‍ എന്തിന് പ്രതിരോധത്തിലാകണം’ -മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഡബ്ല്യൂ.സി.സി നല്‍കിയ അപ്പീലിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപവതകരിക്കുന്നത്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ ഒരു നടപടിയുണ്ടായിട്ടുണ്ടോ?. സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്‍റെ പകർപ്പിനായി പണം അടപ്പിച്ചശേഷം അപേക്ഷകനെ അറിയിക്കാതെ അഞ്ച് പേജുകൾ രഹസ്യമാക്കി ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ 'മാധ്യമം' ലേഖകൻ അനിരു അശോകൻ നൽകിയ അപ്പീലിലാണ് ശനിയാഴ്ച കമീഷൻ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. 295 പേജുള്ള റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് ജൂലൈ അഞ്ചിന് വിവരാവകാശ കമീഷൻ ഉത്തരവിട്ടിരുന്നത്.
വ്യക്തിഗത വിവരങ്ങളെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ 33 ഖണ്ഡികകൾ കമീഷൻ സ്വയമേ ഒഴിവാക്കിയിരുന്നു. ഇതിനുപുറമെ, സ്വകാര്യതയെ ബാധിക്കുന്ന മറ്റേതെങ്കിലും ഭാഗങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിൽ അവയും ഒഴിവാക്കാമെന്നും എന്നാൽ, ഒഴിവാക്കുന്ന ഭാഗങ്ങൾ ഏതൊക്കെയാണ് അപേക്ഷകനെ മുൻകൂട്ടി അറിയിക്കണമെന്നും കമീഷൻ സർക്കാറിനോട് നിർദേശിച്ചിരുന്നു. ഈ നിർദേശം മറയാക്കി കമീഷൻ ഒഴിവാക്കിയ 33 ഖണ്ഡികകൾ കൂടാതെ, 101 ഖണ്ഡികകൾ കൂടി സാംസ്കാരിക വകുപ്പ് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.