ദിലീപുമായി വ്യക്തിപരമായ അടുപ്പമുണ്ട്, എന്നാൽ ഞാൻ അവൾക്കൊപ്പം മാത്രം -ദീദി
text_fieldsകോഴിക്കോട്: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപുമായി വ്യക്തിപരമായ സൗഹൃദമുണ്ടെങ്കിലും താൻ അവൾക്കൊപ്പം മാത്രമാണെന്ന് ദീദി ദാമോദരൻ. എന്‍റെ അച്ഛൻ ഈ ലോകം വിട്ടു പോയപ്പോൾ കാവ്യയും കുടുംബവും വീട്ടിലെത്തി എന്നോടൊപ്പമിരുന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. കാവ്യ ഒരു പുസ്തകമെഴുതിയപ്പോൾ എന്നെയാണ് അതിന് അവതാരിക എഴുതാൻ ഏൽപ്പിച്ചത്. ഞാനത് ചെയ്തിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവളുടെ കൂടെ നിൽക്കാനെ എനിക്ക് കഴിയൂ.
പെൺകുട്ടിയോടൊപ്പം നിന്നത് കൊണ്ട് മാത്രം എന്റെ നിലപാടുകൾ ദിലീപിനെ കാണാൻ ജയിലിലേക്ക് കൂട്ടതീർത്ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ അത് എന്റെ ശേഷിയെയല്ല, മറിച്ച് ആൺ അധികാരത്തിനേറ്റ ആഘാതത്തിന്‍റെ തീക്ഷ്ണതയെയാണ് കുറിക്കുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ദീദി ദാമദരൻ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാൻ ഞാനാളല്ല , ഞാനത് പറഞ്ഞിട്ടുമില്ല. ഞാനൊരു കുറ്റാന്വേഷണ ഏജൻസിയുടെയും ഭാഗമല്ല. അവരെ വിചാരണ ചെയ്യാൻ ഞാനൊരു വക്കീലുമല്ല. അത് പറയേണ്ടത് പോലീസും കോടതിയുമാണ്. എന്നാൽ പെൺകുട്ടിയോടൊപ്പം നിന്നത് കൊണ്ട് മാത്രം എന്റെ നിലപാടുകൾ ദിലീപിനെ കാണാൻ ജയിലിലേക്ക് കൂട്ടതീർത്ഥയാത്ര നടത്തിയവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കിൽ അത് എന്റെ ശേഷിയെയല്ല മറിച്ച് ആൺ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്ണയെയാണ് കുറിക്കുന്നത്.
കാവ്യയുടെ സഹോദരന്‍റെ വിവാഹത്തിന് പൾസർ സുനി പോയിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്നാൽ ഞാൻ പോയിട്ടുണ്ട്. എന്‍റെ അച്ഛൻ ഈ ലോകം വിട്ടു പോയപ്പോൾ കാവ്യയും കുടുംബവും വീട്ടിലെത്തി എന്നോടൊപ്പമിരുന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. കാവ്യ ഒരു പുസ്തകമെഴുതിയപ്പോൾ എന്നെയാണ് അതിന് അവതാരിക എഴുതാൻ ഏലിച്ചത്. ഞാനത് ചെയ്തിട്ടുണ്ട് . മാതൃഭൂമി പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ദിലീപുമായുമുണ്ട് എനിക്ക് വ്യക്തിപരമായ അടുപ്പവും സൗഹൃദവും. അവരോടെനിക്ക് ഒരു വൈരാഗ്യവുമില്ല.
എന്നാൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി മലയാള സിനിമയിലെ ബലാത്സംഗത്തിന്‍റെ ചരിത്രത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും എഴുതുകയും ചെയ്തു പോരുന്ന എനിക്ക് ഏത് സഹോദരി ആക്രമിക്കപ്പെടുമ്പോഴും അവൾക്കൊപ്പം നിൽക്കാനേ കഴിയൂ. അതിൽ കുറഞ്ഞ ഒരു നിലപാട് അസാധ്യമാണ്. കുറ്റാരോപിതർ കുറ്റം ചെയ്തിട്ടില്ലെങ്കിൽ നീതിന്യായ സംവിധാനത്തിൽ വിശ്വസിക്കുന്ന ആർക്കും അത് കോടതിയിൽ തെളിയിക്കട്ടെ എന്ന നിലപാടെടുക്കാനേ കഴിയൂ. ഇതുപോലെ ഇരക്കൊപ്പം നിൽക്കുമ്പോൾ ഇരയേയും അവർക്കൊപ്പം നിൽക്കുന്നവരേയും ഒറ്റപ്പെടുത്തുകയെന്ന പുരുഷാധിപത്യ സമൂഹത്തിന്‍റെ പതിവ് രീതിക്ക് വിപരീതമായ ഒരു പാട് പേർ ഇന്നവൾക്കൊപ്പം നിൽക്കുന്നത് ആശ്വാസമേകുന്നു. സ്വന്തം സ്ഥാപന മേധാവിയോട് കലഹിച്ചു കൊണ്ട് ജീവിതത്തിൽ വലിയ വില കൊടുത്ത് ഒപ്പം നിൽക്കുന്ന മനീഷിനെപ്പോലുള്ളവർ മാറുന്ന കാലത്തിന്‍റെ സൂചനയാണ്. അത് തെല്ലൊന്നുമല്ല ആശ്വാസമേകുന്നത്. അതെ, ഞാൻ ആക്രമിക്കപ്പെട്ട സ്ത്രീക്കൊപ്പം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.