സംസ്ഥാനത്ത് വ്യാപകമായ ആറ് ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചറിയാം
text_fieldsകോവിഡ് കാലത്ത് ഓൺൈലൻ ഇടപാടുകൾ വർധിച്ചതോടെ ഈ മേഖലയിലെ തട്ടിപ്പുകളും മുമ്പില്ലാത്തവിധം കൂടി. വിവിധ ഇടപാടുകളിലൂടെ അറിഞ്ഞും അറിയാതെയും വൻ തുകയാണ് പലർക്കും നഷ്ടമാവുന്നത്. പൊലീസ് സുരക്ഷ നിർദേശങ്ങൾ നൽകുന്നുണ്ടെങ്കിലും പാസ്വേഡുകൾ കൈമാറുന്നതും അജ്ഞാത അക്കൗണ്ടുകളിലേക്ക് പണമയക്കുന്നതും അറിയാത്തവരുമായി ചാറ്റ് ചെയ്യുന്നതുമെല്ലാമാണ് മിക്കവരെയും കെണിയിലാക്കുന്നത്. ജില്ലയിൽ സമീപകാലത്തുണ്ടായ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച്...
വിഡിയോ ചാറ്റിങ് ഹണിട്രാപ്; ഇരകൾ നിരവധി: മാനഹാനി ഭയന്ന് മിക്കവരും പരാതി നൽകുന്നില്ല
കോഴിക്കോട്: അശ്ലീല വിഡിയോ ചാറ്റിന് ക്ഷണിച്ച് ഹണിട്രാപ്പൊരുക്കുന്ന സംഘങ്ങളുടെ ഇരകളായത് നിരവധിപേർ. വിഡിയോകാളിനിടെ പ്രത്യേക ആപ് ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പണത്തിന് ബ്ലാക്ക്മെയിലിങ് ചെയ്യുകയാണ് ഇവരുടെ രീതി. നഗ്നത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്. മീഞ്ചന്ത സ്വദേശിയടക്കം ആറുപേരാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത് പൊലീസിെൻറ ശ്രദ്ധയിൽെപടുത്തിയത്. ഇവരുടെ കെണിയിൽ വീണവർ മാനഹാനി ഭയന്ന് പുറത്ത് പറയുകയോ പരാതി നൽകുകയോ ചെയ്യാതെ ആവശ്യപ്പെടുന്ന പണം നൽകി ഊരിപ്പോരുകയാണ്.
മീഞ്ചന്ത സ്വദേശി ഫേസ്ബുക്കിൽ വീഡിയോ കാണവെ 'അജ്ഞാത സുന്ദരി' മെസഞ്ചർ വഴി മെസേജ് അയക്കുകയായിരുന്നു. തുടർന്ന് ഈ സ്ത്രീ നഗ്നയായി വിഡിയോ കാൾ ചെയ്ത് യുവാവിനോടും ഇതേപോലെ കാണിക്കാനാവശ്യെപ്പട്ടു. കാൾ അവസാനിപ്പിച്ചപാടെ യുവാവിെൻറ നഗ്നദൃശ്യങ്ങൾ മെസഞ്ചറിൽ അയച്ചതോെടയാണ് അമളി പിടികിട്ടിയത്. ഉടൻ ബാങ്ക് അക്കൗണ്ട് നമ്പർ നൽകുകയും പണം അയക്കാനാവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചതോടെ ദൃശ്യങ്ങൾ ഇൻറർനെറ്റിലും ഫേസ് ബുക്കിലും പ്രചരിപ്പിക്കുമെന്ന ഭീഷണി വന്നു. ഇതോെട ബംഗളൂരുവിലുള്ള സുഹൃത്ത് വഴി 5000 രൂപ സംഘത്തിന് അയച്ചു.
ഉത്തരേന്ത്യയിലുള്ളവരാണ് തട്ടിപ്പിന് പിന്നിലെന്നും ഹൈദരാബാദിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും തട്ടിപ്പിനിരയായ യുവാവ് പറഞ്ഞു.
സ്വർണക്കമ്മലിന് അക്കൗണ്ട് വിവരങ്ങൾ തരൂ
കോഴിക്കോട്: സ്വർണക്കമ്മൽ സമ്മാനം ലഭിച്ചെന്നു വിശ്വസിപ്പിച്ചുള്ള തട്ടിപ്പും ജില്ലയിൽ സജീവമാണ്. ഹൈദരാബാദിലെ ജ്വല്ലറിയുടെ ശാഖ എറണാകുളത്ത് ആരംഭിക്കുന്നതിനോടനുബന്ധിച്ചുള്ള ഒാൺലൈൻ മത്സരത്തിൽ സമ്മാനം ലഭിച്ചെന്നു ഫോണിൽ അറിയിച്ച് മേൽവിലാസം ആവശ്യപ്പെടുകയാണ് ഈ സംഘം ചെയ്യുന്നത്. സമ്മാനമായി ലഭിച്ച മൂന്നു ഗ്രാം സ്വർണക്കമ്മൽ പോസ്റ്റ് ഓഫിസിലെത്തുേമ്പാൾ 1000 രൂപ അടച്ച് വാങ്ങണമെന്നാവശ്യപ്പെടുന്നതിനിടെ ബാങ്ക് അക്കൗണ്ടിെൻറയും എ.ടി.എം കാർഡിെൻറയും വിവരങ്ങളും തന്ത്രത്തിൽ ചോദിച്ചാണ് തട്ടിപ്പ്. മലയാളി സ്ത്രീയാണ് വിളിച്ചതെന്ന് ഇത്തരം ഫോൺ കാൾ വന്ന പന്നിയങ്കര സ്വദേശി ൈസബർ സെല്ലിനെ അറിയിച്ചിട്ടുണ്ട്. സമാനരീതിയിൽ നിരവധി പേരിൽനിന്ന് ബാങ്ക് വിവരങ്ങൾ സംഘം ശേഖരിച്ചതായാണ് വിവരം.
ഓൺലൈൻ ഗെയിമുകളും വില്ലൻ
കോഴിക്കോട്: ഓൺലൈൻ ഗെയിമുകളുടെ മറവിൽ ബാങ്ക് അക്കൗണ്ടിലെ പണം ചോർത്തുന്ന സംഭവങ്ങളും നിരവധിയാണ്. മക്കളുടെ ഓൺലൈൻ ഗെയിമിനിടെ കല്ലായി സ്വദേശിനിയായ മാതാവിെൻറ അക്കൗണ്ടിൽനിന്ന് ഒരുലക്ഷത്തോളം രൂപയാണ് നഷ്ടമായത്. പാസ്വേഡുകൾ കൈമാറ്റം ചെയ്യപ്പെട്ടതോെടയാണ് അക്കൗണ്ടിലെ പണം നഷ്ടമായത്. ഓൺലൈൻ സംവിധാനത്തിലെ ഒരു യൂസർ നെയിമും പാസ്വേഡും ആർക്കും കൈമാറരുതെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. ഒരാളുടെ ഫേസ് ബുക്കിെൻറയോ ഓൺലൈൻ ഗെയിമിെൻറയോ ഇ-മെയിലിെൻറയോ പാസ്വേഡ് ലഭിച്ചാൽ ഗൂഗ്ൾ ഡ്രൈവിലെ ഫയലിൽ സൂക്ഷിച്ച വിവരങ്ങൾ ചോർത്താൻ കഴിയും. മാത്രമല്ല, ബാങ്ക് അക്കൗണ്ടിലെ പണവും അപഹരിച്ചേക്കാം.
ബി.എസ്.എൻ.എല്ലിെൻറ പേരിലും തട്ടിപ്പ്
കോഴിക്കോട്: ബി.എസ്.എൻ.എല്ലിനെ മറയാക്കിയുള്ള ഒാൺൈലൻ തട്ടിപ്പും ജില്ലയിൽ വ്യാപകമാണ്. കൊയിലാണ്ടി മേഖലയിലെ അധ്യാപകനുൾപ്പെടെ നിരവധി പേർക്കാണ് പണം നഷ്ടമായത്. പുതിയ സിം വാങ്ങിയതോടെ മേൽവിലാസം ഉറപ്പാക്കാൻ ഫോണിൽ വിളി വന്നു. പിന്നീട് സിം ആക്ടിവേറ്റാകാൻ ഈ നമ്പറിൽ വിളിക്കണമെന്ന് മെസേജ് അയക്കും. നമ്പറിൽ വിളിക്കുന്നതോടെ സാങ്കേതിക പ്രശ്നമുണ്ടെന്നും കിട്സ് സപ്പോർട്ട് ആപ് ഫോണിൽ ഡൗൺലോഡ് െചയ്യാനും സ്ക്രീൻ ഷെയർ ചെയ്യാനും നിർദേശിച്ചു. പത്തുരൂപ ഒരു അക്കൗണ്ടിലേക്ക് അയക്കുക കൂടി ചെയ്തേതാടെ അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെടും. അധ്യാപകെൻറ അക്കൗണ്ടിലുണ്ടായിരുന്ന 33,248 രൂപയിൽ 33,000 രൂപയാണ് നഷ്ടമായത്. ഈ തട്ടിപ്പ് വ്യാപകമായതോെട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരുകാരണവശാലും കൈമാറരുതെന്ന് ബി.എസ്.എൻ.എൽ തന്നെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
വ്യാജ വാട്സ്ആപ് അക്കൗണ്ട് വഴി 'പണം കടംവാങ്ങൽ'
കോഴിക്കോട്: വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കിയുള്ള തട്ടിപ്പും ഏറെയാണ്. കോളജ് പ്രിൻസിപ്പലിെൻറയും ഐ.ഐ.എം ഡയറക്ടറുടെയും പേരിലടക്കം അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചതിെൻറ വിവരങ്ങളാണ് പുറത്തുവന്നത്. ഫാറൂഖ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീറിെൻറയും ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയുടെയും ഫോട്ടോ ഡി.പിയാക്കി വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി പണം ആവശ്യപ്പെട്ടതിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. മലയാളികളുടെ സഹായത്തോടെ ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. +91 7428453809 എന്ന നമ്പർ ഉപയോഗിച്ചാണ് ഇരുവരുടെയും പേരിൽ അക്കൗണ്ടുണ്ടാക്കി ചാറ്റ് െചയ്ത് സഹപ്രവർത്തകരിൽനിന്നടക്കം പണം ആവശ്യപ്പെട്ടത്.
മാത്രമല്ല, ഓൺലൈൻ വ്യാപാര പോർട്ടലായ ആമസോണിൽ നിന്ന് 5,000 രൂപയുടെ അഞ്ച് ഗിഫ്റ്റ് കാർഡുകൾ 25,000 രൂപക്ക് വാങ്ങി prodpect.organization2000@mail.ru എന്ന വിലാസത്തിലേക്ക് അയക്കാനാവശ്യപ്പെട്ടും തട്ടിപ്പ് നടത്തുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫേസ്ബുക്കിലെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുണ്ടാക്കി ഫ്രൻഡ് ലിസ്റ്റിലുള്ളവർക്ക് മെസഞ്ചർ വഴി പണമാവശ്യപ്പെട്ട് സന്ദേശമയക്കുന്നതും ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
പ്രവാസിയുടെ 52ഉം റിട്ട. ബാങ്ക് മാനേജറുടെ 75 ലക്ഷവും തട്ടി
കോഴിക്കോട്: ഇ-െമയിൽ ചോർത്തിയും ഓൺലൈൻ ലോട്ടറിയുടെ പേരിലുമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നത്. മെയിൽ ചോർത്തിയുള്ള തട്ടിപ്പിൽ പ്രവാസി വ്യവസായിക്ക് 52 ലക്ഷവും ലോട്ടറി തട്ടിപ്പിൽ റിട്ട. ബാങ്ക് മാനേജർക്ക് 75 ലക്ഷം രൂപയുമാണ് നഷ്ടമായത്. പന്നിയങ്കര സ്വദേശിയുടെ മെയിൽ വിവരങ്ങൾ ചോർത്തി വ്യാജ ഇ-മെയിൽ സൃഷ്ടിച്ച് രണ്ടുതവണയായി യു.കെ, ചൈനീസ് ബാങ്കുകളിലെ 70,000 യു.എസ് ഡോളർ (52 ലക്ഷം രൂപ) തട്ടുകയായിരുന്നു. ദുബൈയിൽ ഏവിയേഷൻ മേഖലയിലുള്ള കമ്പനിയുടെ സി.ഇ.ഒ ആയ ഇദ്ദേഹം ബിസിനസ് ഇടപാട് നടത്തിയ ഇ-മെയിലിന് ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി വ്യാജൻ നിർമിച്ചാണ് പണം തട്ടിയത്. കേസിൽ സൈബർ സെല്ലാണ് അന്വേഷണം നടത്തുന്നത്.
നാപ്റ്റോൾ ഷോപ്പിങ് പോർട്ടലിൽനിന്ന് ഉൽപന്നം വാങ്ങിയതിനുപിന്നാെലയാണ് ചേവായൂർ സ്വദേശിക്ക് സ്പീഡ് പോസ്റ്റിൽ സ്ക്രാച്ച്ആൻഡ് വിൻ കൂപ്പൺ ലഭിച്ചതും സമ്മാനം കിട്ടിയതറിഞ്ഞ് ഫോണിൽ ബന്ധപ്പെട്ടതും. 75 ലക്ഷം ലോട്ടറി അടിച്ചതിന് ജി.എസ്.ടിയായി 49,950 രൂപ നികുതി അടക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് ലോട്ടറി തുക കൂടിയെന്നു പറഞ്ഞ് കൂടുതൽ പണമയപ്പിക്കുകയായിരുന്നു. ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ െചയ്തത്.
ഒ.എൽ.എക്സിൽ വീട് വാടകക്കു നൽകാനുണ്ടെന്നു പരസ്യം നൽകിയാളെ പട്ടാളക്കാരനെന്ന വ്യാജേന വിളിച്ച് പണം തട്ടിയതും ഈ അടുത്താണ്. കനകാലയ ബാങ്കിനടുത്തുള്ള വീട് ഇഷ്ടമായെന്നു പറഞ്ഞ ഇയാൾ ആർമി ഓഫിസറെന്ന് പരിചയപ്പെടുത്തി വാടക അടക്കാനെന്ന പേരിൽ ഉടമയുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കുകയും പരിശോധനക്ക് പത്തുരൂപ അയക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പണമയച്ചതിനുപിന്നാലെ അക്കൗണ്ടിൽനിന്ന് പതിനായിരം രൂപ നഷ്ടമായി. ഉടൻ അക്കൗണ്ട് മരവിപ്പിച്ചതിനാലാണ് കൂടുതൽ പണം നഷ്ടമാവാതിരുന്നത്.
ഓൺലൈൻ തട്ടിപ്പിൽ പരാതി നൽകാം
കോഴിക്കോട്: സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്ലൈൻ നമ്പറിൽ അറിയിക്കണം.
കാൾ സെൻററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷനൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തര അറിയിപ്പ് നൽകി പണം കൈമാറ്റം തടയാനും സൈബർ പൊലീസിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഈ സംവിധാനത്തിലൂടെ കഴിയും.
പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാൾ സെൻററിലേക്ക് സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി എവിടെനിന്നും അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.