ഒന്നര വർഷമായി ഈ കട തുറന്നിട്ട്; ഉത്രയുടെ നീറുന്ന ഒാർമകളാണിവിടെ
text_fieldsഅഞ്ചൽ: ഭർത്താവ് പാമ്പിനെ കടുപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ നീറുന്ന ഒാർമകളിലാണ് അവരുടെ കുടുംബമിപ്പോഴും. ഉത്രയുടെ ജന്മനാടായ ഏറം ജംഗ്ഷനിൽ പിതാവ് വിജയസേനൻ നടത്തിവന്ന 'ഉത്ര റബ്ബേഴ്സ് ' എന്ന വ്യാപാര സ്ഥാപനം ഉത്രയുടെ മരണത്തിനു് ശേഷം നാളിതുവരെ തുറന്നിട്ടില്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഇവരുടെ സ്വന്തം കെട്ടിടത്തിലാണ് റബ്ബർ കട പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഒന്നര വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ് ഈ സ്ഥാപനം.
2020 മേയ് ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സൂരജ് തലേന്ന് സന്ധ്യക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തിക്കൊടുത്ത ശേഷം രാത്രി 11ഓടെ, മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അതിവേഗം അന്വേഷണവും വിചാരണയും പൂർത്തിയാക്കിയ കേസിൽ ഇന്ന് വിധി വന്നിരുന്നു. ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. 17 വർഷത്തെ തടവും ശേഷം ഇരട്ട ജീവപര്യന്തവും അഞ്ചു ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്.
വിധിയിൽ തൃപ്തരല്ലെന്നും അപ്പീൽ നൽകുമെന്നും ഉത്രയുടെ മാതാവ് മണിമേഖല പ്രതികരിച്ചിരുന്നു. പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും അവർ പറഞ്ഞിരുന്നു.
പൊന്നു മകളെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ വ്യാപാര സ്ഥാപനമടക്കം ഉപേക്ഷിച്ച പിതാവ് വിജയസേനൻ ഇനിയെങ്കിലും കട തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.