ഇതാ നന്മയുള്ള ഗ്രാമം; ഹന്നമോളെ ചേർത്തുപിടിച്ച് കോട്ടക്കൽ കുറ്റിപ്പുറത്തുകാർ
text_fieldsകോട്ടക്കൽ: നാടൊരുമിച്ചാല്‍ ഒരു ശ്രമവും പാഴാവില്ലെന്ന് തെളിയിക്കുകയാണ് കോട്ടക്കല്‍ കുറ്റിപ്പുറത്തുകാർ. ഹന്നയെന്ന 17കാരിയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി അഞ്ചു ദിവസംകൊണ്ട് നാട്ടുകാർ സമാഹരിച്ചത് 1.40 കോടി രൂപയാണ്. ശസ്ത്രക്രിയക്കാവശ്യമായ 40 ലക്ഷമെന്ന ദൗത്യത്തിന് മുന്നില്‍ പകച്ചുനിന്ന നിര്‍ധന കുടുംബത്തിനെ ജാതിമത ഭേദമന്യേ നാടുമുഴുവന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് 501 അംഗങ്ങളുള്ള സഹായസമിതിയും രൂപവത്കരിച്ചു. ഇതോടെ സുമനസ്സുകൾ സഹായഹസ്തവുമായെത്തി.
പുത്തൂര്‍ ബൈപാസിലെ മത്സ്യ -ഓട്ടോ തൊഴിലാളികൾ, ഹോട്ടലുടമകൾ എന്നിവർ അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി മാറ്റിവെച്ചു. ക്ഷേത്ര കമ്മിറ്റികൾ, ഹന്ന പഠിച്ച വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽനിന്നും ഫണ്ടെത്തി.വാര്‍ധക്യ പെന്‍ഷന്‍, ഉന്നത വിജയത്തിന് ലഭിച്ച മോതിരം, സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ പണം, സ്വര്‍ണ കമ്മലുകള്‍ തുടങ്ങിയവ നൽകി നിരവധി പേർ മാതൃക പ്രവർത്തനത്തിൽ പങ്കാളികളായി.
പൊതുപ്രവർത്തകൻ അഡ്വ. ഷമീര്‍ കുന്നമംഗലത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഫണ്ട് സമാഹരണം അഞ്ചുദിവസംകൊണ്ട് പൂര്‍ത്തിയാകുമ്പോള്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചതിന്‍റെ ആശ്വാസത്തിലും അഭിമാനത്തിലുമാണ് സഹായസമിതി ഭാരവാഹികള്‍. ചികിത്സക്കാവശ്യമായ തുക കണ്ടെത്താന്‍ സഹായിച്ച നാട്ടുകാരടക്കമുള്ള സുമനസ്സുകള്‍ക്ക് കമ്മിറ്റി ഭാരവാഹികളായ അമരിയില്‍ നൗഷാദ് ബാബു, അജിത് കൊട്ടാരത്തില്‍, ഫൈസല്‍ മുനീര്‍ കാലൊടി എന്നിവര്‍ നന്ദി പറഞ്ഞു.
കാവതികളം നജ്മുൽ ഹുദാ ഹയര്‍സെക്കൻഡറിയില്‍ പഠിക്കുമ്പോഴാണ് ഹന്നക്ക് രോഗം സ്ഥിരീകരിക്കുന്നത്. കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഹന്ന. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ഹന്നയെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രാർഥനയിലാണ് ഏവരും. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കാവശ്യമായ തുക തിങ്കളാഴ്ച കുടുംബത്തിന് കൈമാറും. ബാക്കി ലഭിച്ച ഫണ്ട് ഇതുപോലെ പ്രയാസപ്പെടുന്ന രോഗികൾക്ക് നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.