ലോകമേ കാണുക...; ദുരന്തമുഖത്തെ കുഞ്ഞുങ്ങൾക്കായി മുലപ്പാൽ കരുതിവെച്ച ദമ്പതികൾ ഇവിടെയുണ്ട്
text_fieldsവയനാട് മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപ്പൊട്ടൽ ദുരന്ത വാർത്തകൾക്കിടയിൽ മലയാളിയുടെ ചേർത്തുപിടിക്കലിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ ‘മാധ്യമം ഓൺലൈൻ’ റിപ്പോർട്ട് ചെയ്ത ‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്’ എന്ന വാർത്ത. ഒരു പൊതുപ്രവർത്തകൻ വാട്സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ച ഇക്കാര്യം ‘മാധ്യമം’ വാർത്തയാക്കുകയും പിന്നീട് സമൂഹ മാധ്യമങ്ങളും മറ്റു ഓൺലൈൻ മാധ്യമങ്ങളും ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഈ സന്ദേശം അയച്ചയാളെയും മുലപ്പാൽ വാഗ്ദാനം ചെയ്ത മാതാവിനെയും വെളിപ്പെടുത്തുകയാണ് യൂത്ത്‍ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്നി. സുഹൃത്ത് അസീസ് വെള്ളമുണ്ടയും ഭാര്യ ഷാനിബയുമാണ് മുലപ്പാല് പോലും ദുരന്തമുഖത്തെ മറ്റു കുഞ്ഞുങ്ങൾക്കായി കരുതിവെച്ചവരെന്ന് മുഫീദ ഫേസ്ബുക്കിൽ കുറിച്ചു. ഇവരടങ്ങുന്ന ഗ്രൂപ്പിലാണ് അസീസ് സന്ദേശം അയച്ചത്.
വയനാട് വെള്ളമുണ്ട സ്വദേശിയായ അസീസ് വയനാട് ജില്ലയിലെ സന്നദ്ധ സംഘടന ഗ്രൂപ്പിലാണ് ഈ മെസേജിട്ടിരുന്നത്. ദുരന്ത സ്ഥലത്തും ദുരിതാശ്വാസ ക്യാമ്പിലും എത്തിയപ്പോൾ ദുരന്തത്തിന്റെ ആഘാതം നേരിൽ ബോധ്യപ്പെട്ടെന്നും ഭാര്യയോട് ഇക്കാര്യം പങ്കുവെച്ചപ്പോൾ അവളാണ് മുലപ്പാൽ ആവശ്യമെങ്കിൽ നൽകാൻ തയാറാണെന്ന് അറിയിച്ചതെന്നും അസീസ് ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു.
എട്ട് മാസം പ്രായമായ അലീമ എന്ന മൂന്നാമത്തെ കുട്ടിയെ മുലയൂട്ടുകയാണ് വീട്ടമ്മയായ ഷാനിബ. ഒരുപാട് പേർ മുലപ്പാൽ ദാനത്തിന് തയാറായി വരാൻ തന്റെ സന്ദേശം കാരണമായതിൽ സന്തോഷമുണ്ടെന്നും അസീസ് പറഞ്ഞു. യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം ട്രഷററാണ് ജില്ല ലീഗൽ അതോറിറ്റിയിൽ ജോലി ചെയ്യുന്ന അസീസ്.
‘ഒരുപാട് ഉമ്മ. ഇവരാണ് അവർ, പ്രിയ സുഹൃത്ത് അസീസും പ്രിയതമ ഷാനിബയും. സ്വന്തം കുഞ്ഞിനുള്ള മുലപ്പാല് പോലും ദുരന്തമുഖത്തെ മറ്റു കുഞ്ഞുങ്ങൾക്കായി കരുതിവെച്ചവർ. സമീപകാലത്തൊന്നും നമ്മൾ കാണാത്ത, കേൾക്കാത്ത അമ്മ മനസ്സിന്റെ ചേർത്തുപിടിക്കൽ ആണ് ഇപ്പോൾ മറ്റു രാജ്യങ്ങളിലുള്ളവർ വരെ കൗതുകത്തോടെ നോക്കുന്നത്. ആ മഹത്വത്തെയും കഴുകൻ കണ്ണുകളോടെ കാണുന്നവരോട് ഒന്നും പറയാനില്ല. സ്നേഹവും പ്രാർഥനയും നിങ്ങൾക്കൊപ്പമുണ്ട് പ്രിയപ്പെട്ടവരേ. ആ കുഞ്ഞുവാവക്കും ഒരുപാട് ഉമ്മകൾ’ -എന്നിങ്ങനെയായിരുന്നു മുഫീദ തസ്നിയുടെ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.