ഞെളിയം പറമ്പിലെ മാലിന്യം: സോണ്ടക്ക് നഗരസഭ 27.72 ലക്ഷം ജി.എസ്.ടി നൽകിയത് ക്രമവിരുദ്ധമെന്ന് റിപ്പോർട്ട്
text_fieldsകോഴിക്കോട്: ഞെളിയം പറമ്പിലെ പൈതൃക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് കോഴിക്കോട് നഗരസഭ 27.72 ലക്ഷം ജി.എസ്.ടി നൽകിയത് ക്രമവിരുദ്ധമാണെന്ന് ഓഡിറ്റ് റിപ്പോർട്ട്. ജൈവ ഖനന പ്രക്രിയയിലൂടെ ഞെളിയം പറമ്പിലെ പൈതൃക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് കെ.എം.സിയുമായും സോണ്ടയുമായും നഗരസഭ കരാർ ഒപ്പുവെച്ചിരുന്നു. ഈ പ്രവർത്തനം ആർട്ടിക്കിൾ 243 പ്രകാരം മുനിസിപ്പാലിറ്റിയെ ചുമതലപ്പെടുത്തിയിട്ടുള്ള പ്രവർത്തനമാണ്. അതിനാൽ കരാർ പ്രകാരം 2017 ജൂൺ 27ലെ വിജ്ഞാപനത്തിലെ ഭേദഗതി അനുസരിച്ച് ജി.എസ്.ടിയിൽനിന്നുള്ള ഇളവ് ലഭിക്കും. എന്നിട്ടും 92.10 ലക്ഷം രൂപ ജി.എസ്.ടിക്ക് നഗരസഭ പ്രൊവിഷൻ നൽകി. 27.72 ലക്ഷം രൂപ ജി.എസ്.ടി പെയ്മെൻറ് നൽകുകയും ചെയ്തു. ഇത് ക്രമവിരുദ്ധമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
നഗരസഭയും സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡും 2019 ഡിസംബർ 10 നാണ് ഞളിയൻപറമ്പിലെ മുൻസിപ്പൽ ഖരമാലിന്യങ്ങൾ ബയോ മൈനിങ് നടത്തുന്നതിന് കരാർ ഒപ്പുവെച്ചത്. ഞളിയൻപറമ്പിലെ ആകെയുള്ള ജൈവമാലിന്യം 1.30 ലക്ഷം ക്യൂബിക് മീറ്റർ ആയിരുന്നു. അതിൽ 70,000 ക്യൂബിക് മീറ്റർ ജൈവ ഖനനം നടത്തുമ്പോൾ 50,000 ക്യൂബിക് മീറ്റർ കമ്പോസ്റ്റും 20,000 ക്യൂബിക് മീറ്റർ ആർ.ഡി.എഫും ഉത്പാദിപ്പിക്കും. ബാക്കിയുള്ള 20,000 ക്യൂബിക് മീറ്റർ ആർ.ഡി.എഫ് അടക്കം മൊത്തം 80,000 ക്യൂബിക് മീറ്റർ ക്യാപ്പിങിനു വിധേയമാക്കേണ്ടതാണ്.
ഈ പ്രവർത്തിക്ക് നഗരസഭയും സോണ്ടയും തമ്മിലുള്ള കരാർ പ്രകാരം 7.70 കോടി രൂപയും ജി.എസ്‌ടിയും (12 ശതമാനം- 92,40,000 രൂപ) ആണ് നിശ്ചയിച്ചത്. ജി.എസ്.ടി ഉൾപ്പെടെയുള്ള പ്രവർത്തികൾക്കായി കരാറുകാരന് നാളിതുവരെ 3,74,22,000 നൽകി. അതിൽ 27,72,000 ജി.എസ്.ടിയുമാണെന്ന് പരിശോധനയിൽ കണ്ടെത്തി. നഗരങ്ങളിലെ കുമിഞ്ഞുകൂടിയ ഖരമാലിന്യങ്ങൾ വേർതിരിക്കുന്ന പ്രക്രിയയാണ് ബയോ മൈനിങ്, ഇത് ലെഗസി ഡംപ് സൈറ്റുകൾ വൃത്തിയാക്കാൻ സഹായിക്കുന്നു. മെച്ചപ്പെട്ട ഉപയോഗത്തിനായി ഈ ഭൂമി ശാസ്ത്രീയമായി വിണ്ടെടുക്കാൻ ഇത് സഹായിക്കുന്നു.
2017 ജൂൺ 28 ലെ വിജ്ഞാപന പ്രകാരം കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോ പ്രാദേശിക അതോറിറ്റിക്കോ നൽകുന്ന ശുദ്ധമായ സേവനങ്ങൾ (തൊഴിൽ കരാർ സേവനമോ എന്തെങ്കിലും സാധനങ്ങളുടെ വിതരണം ഉൾപ്പെടുന്ന മറ്റ് സംയുക്ത സപ്ലൈകളോ ഒഴികെ) വ്യവസ്ഥ ചെയ്ത്തിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 243 പ്രകാരം നഗരസഭയെ ഏൽപ്പിച്ചിരിക്കുന്ന ഏതെങ്കിലും പ്രവർത്തനവുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനത്തിനും നികുതിയില്ല.
പൈത്യക മാലിന്യങ്ങൾ നീക്കം ചെയ്യലും ഭൂമി നികത്തലും ഒരു പ്രവർത്തനമാണ്. കുമിഞ്ഞു കിടക്കുന്ന പൈത്യക മാലിന്യങ്ങൾ വേർതിരിച്ച്, മെച്ചപ്പെട്ട ഉപയോഗത്തിനായി ഭൂമി വീണ്ടെടുക്കുന്നതിനായി ഡംപ് സൈറ്റ് വൃത്തിയാക്കുന്നു. സംസ്‌കരണത്തിനായി കരാറുകാരൻ പൈതൃകമായ നഗരസഭ ഖരമാലിന്യം ശേഖരിക്കേണ്ടതും മാലിന്യം തള്ളുന്ന സ്ഥലം വീണ്ടെടുക്കേണ്ടതുമാണ്.
മാലിന്യം നീക്കം ചെയ്യുന്നതിനായി നഗരസഭ ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്ഥലം മാത്രം കൈമാറും. ഖരമാലിന്യങ്ങൾ സംസ്‌കരിച്ച ശേഷം കരാറുകാരൻ സ്ഥലം നഗരസഭക്ക് കൈമാറണം. അതിനാൽ, പൈതൃക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും കരാറുകാരൻ നടത്തുന്ന ഭൂമി നികത്തുന്നതിനുമുള്ള സേവനങ്ങൾ ശുദ്ധമായസേവനങ്ങളാണ്. അവിടെ ജി.എസ്.ടി ഇല്ല. കൊച്ചിയിലെ ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ സോണ്ട കമ്പനിക്ക് കോഴിക്കോട് നഗരസഭയും 27.72 ലക്ഷം രൂപ ക്രമവിരുദ്ധമായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.