മീൻപിടിത്ത ബോട്ടിൽ 1526 കോടിയുടെ മയക്കുമരുന്ന്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മത്സ്യബന്ധന ബോട്ടുകളിൽനിന്ന് 1526 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യത്തിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡിസൺ, ജിംസൺ എന്നിവർ നിരപരാധികളാണെന്നും പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ഇവരുടെ മാതാവ് പൂന്തുറ പുതിയ ഫിഷർമെൻ കോളനിയിലെ വത്സല ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഡയറക്ടർ ജനറലിന് നൽകിയ നിവേദനം പരിഗണിച്ച് തീർപ്പാക്കാനാണ് ജസ്റ്റിസ് മേരി ജോസഫിന്റെ നിർദേശം.
മേയ് 18നാണ് ലക്ഷദ്വീപിന് സമീപം കടലിൽവെച്ച് ലിറ്റിൽ ജീസസ്, പ്രിൻസ് എന്നീ ബോട്ടുകളിൽനിന്ന് 218 കിലോ ഹെറോയിൻ പിടികൂടിയത്. ഇവയിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. തന്റെ മക്കൾ മത്സ്യത്തൊഴിലാളികളാണെന്നും അവർക്ക് ലഹരിമരുന്നു കടത്തുമായി ബന്ധമില്ലെന്നുമാണ് വത്സലയുടെ ഹരജിയിലെ വാദം. പ്രതികളുടെ മൊഴിയെത്തുടർന്ന് ബോട്ടുടമകളായ ക്രിസ്പെൻ, അർബത്ത് അലി, ഫൈസൽ റഹ്മാൻ, ബാലകൃഷ്ണൻ പെരിയസ്വാമി പിള്ളയെയും അറസ്റ്റ് ചെയ്തു. ജയിലിൽ വെച്ച് ഇവർ മക്കളെ ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിൽ സൂപ്രണ്ടിന് പരാതി നൽകിയെന്നും വത്സല പറയുന്നു. മക്കളെ വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ലഹരിമരുന്ന് കടത്തിൽ പങ്കുള്ള ബോട്ടുടമകൾക്കെതിരെ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും നിഷ്പക്ഷ അന്വേഷണത്തിന് സംഘത്തെ നിയോഗിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.