തരിശ് ഭൂമിയിൽ ഹൈടെക് കൃഷി; അരലക്ഷം ഹെക്ടർ ഭൂമി സർക്കാർ കടമെടുക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഹൈടെക് കൃഷിരീതി വ്യാപിപ്പിക്കാൻ 50,000 ഹെക്ടർ തരിശ് കൃഷിഭൂമി ഉടമകളിൽനിന്ന് സർക്കാർ ഏറ്റെടുക്കുന്നു. 23 വർഷത്തേക്ക് സേവനതല കരാർ പ്രകാരമാണ് ഭൂമി ഏറ്റെടുത്ത് കൃഷിക്കായി മറ്റ് കർഷകർക്ക് നൽകുക. ഇതിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാതെ തന്നെ കൃഷിക്കായി ഭൂമി നൽകാനാകും. നിലവിലെ നിയമപ്രകാരം പാട്ടക്കൃഷി സാധ്യമല്ലാത്തതിനാലാണ് പുതിയ ക്രമീകരണം കൊണ്ടുവരുന്നത്.
കൃഷിയോഗ്യമായ ഭൂമി ചെറുകിട-വാണിജ്യ കര്‍ഷകര്‍, കർഷകസംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്.പി.ഒ), കൃഷിക്കൂട്ടങ്ങൾ എന്നിവക്കാണ് വിട്ടുകൊടുക്കുക. സംരംഭത്തിൽ പങ്കാളിയാകുന്നതിന് കർഷകരിൽനിന്നും ഭൂവുടമകളിൽ നിന്നും സർക്കാർ താൽപര്യപത്രം ക്ഷണിച്ചു. ഇതുവരെ 22 ഭൂവുടമകൾ 1600 ഏക്കർ ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ ഭൂമി ഉപയോഗപ്പെടുത്തി പൈലറ്റ് പദ്ധതി ഉടൻ ആരംഭിക്കും. ഇതിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉൽപാദനം ഏകദേശം 30 ലക്ഷം മെട്രിക് ടണ്ണിലേക്കും, പഴവർഗങ്ങളുടെ ഉൽപാദനം ഏകദേശം 45 ലക്ഷം മെട്രിക് ടണ്ണിലേക്കും ഉയർത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
പദ്ധതിയിലൂടെ കര്‍ഷകരുടെ വരുമാനം ഏകദേശം 3000 കോടിയായി വർധിക്കുകയും, 25 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കേരളത്തിലെ മൊത്തം കൃഷിഭൂമിയിൽ ഏകദേശം 1,03,334 ഹെക്ടർ ഭൂമി തരിശായി കിടക്കുന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ 50,000 ഹെക്ടർ ഭൂമിയാണ് അടുത്തവർഷങ്ങളിൽ കൃഷിയോഗ്യമാക്കി മാറ്റാൻ പദ്ധതി തയാറാക്കിയത്. രണ്ട് രീതികളിലുള്ള കൃഷിരീതിയാണ് പ്രധാനമായും പ്രോത്സാഹിപ്പിക്കുന്നത്. കേരള കോപറേറ്റിവ് കൾട്ടിവേറ്റർ ആക്ട് അനുസരിച്ചും സർവിസ് ലെവൽ എഗ്രിമെന്റ് പ്രകാരമുള്ളതുമാണ്. ആദ്യത്തേത് 11 മാസത്തിൽ വിളവെടുപ്പ് പൂർത്തീകരിക്കുന്ന വിളകൾക്ക് മാത്രമായിരിക്കും. സീസൺ കൃഷിക്ക് ഇത് ഗുണകരമാണ്.
എന്നാൽ ഒരു വർഷത്തിലധികം സമയം വേണ്ടിവരുന്ന വിളകൾക്കും കൂടുതൽ കാലത്തേക്ക് കൃഷിയിൽ ഏർപ്പെടാൻ താൽപര്യമുള്ളവർക്കും സർവിസ് ലെവൽ എഗ്രിമെന്റ് പ്രയോജനപ്പെടുത്താനാകും. രണ്ട് രീതിയിലും സർക്കാർ ആനുകൂല്യങ്ങൾ, ബാങ്ക് വായ്പ തുടങ്ങിയവക്ക് കർഷകർക്ക് അർഹത ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.