''ഗെയിൽ: സമരം നടത്തിയവർ ഫേസ്ബുക്ക് പ്രൊഫൈൽ ഫ്രെയിം ഉണ്ടാക്കി ആഘോഷിക്കുന്നതിനെ രാഷ്ട്രീയ പാപ്പരത്തം എന്നേ പറയാനാകൂ''
text_fieldsകൊച്ചി: ഗെയിൽ വാതക പൈപ്പ് ലൈൻ ഉദ്ഘാടനത്തെ ആഘോഷിക്കുന്ന സി.പി.എമ്മിനെ പരിഹസിച്ച് ഹൈബി ഈഡൻ എം.പി. ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നല്കുന്നതിന് 90 ശതമാനത്തോളം പേരിൽ നിന്നും അനുമതി യു.ഡി.എഫ് സർക്കാർ നേടിയിരുന്നെന്നും പദ്ധതിക്കെതിരെ സി.പി.എം നിരന്തര സമരം നടത്തിയെന്നും ഹൈബി പറഞ്ഞു. ഇത്തരം സമരങ്ങൾക്ക് നേതൃത്വം കൊടുത്തവർ പദ്ധതിയുടെ പേരിൽ ഫേസ്ബുക് പ്രൊഫൈൽ ഫ്രെയിം ഉണ്ടാക്കി ആഘോഷിക്കുന്നതിനെ രാഷ്ട്രീയ പാപ്പരത്തം എന്നേ പറയാനാകൂവെന്നും ഹൈബി കൂട്ടിച്ചേർത്തു.
ഹൈബി ഈഡൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്:
ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബഹു.കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ.ധർമ്മേന്ദ്ര പ്രധാൻ, മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തുടങ്ങിയവർ പങ്കെടുത്തു. 2007ൽ ഡോ.മന്മോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അനുവദിച്ച പദ്ധതിയാണ്. പദ്ധതി യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷം.
ഈ അവസരത്തിൽ ചിലത് പറയാതെ വയ്യ.
കൊച്ചിയിൽ നിന്നും മംഗ്ളുരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈൻ പദ്ധതി 2007ലാണ് പ്രഖ്യാപിക്കുന്നത്. 2011 ൽ ശ്രീ.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ അധികാരത്തിൽ വന്നതിന് ശേഷം 2012 മുതലാണ് പദ്ധതിയുടെ നടപടികൾ ആരംഭിക്കുന്നത്. എറണകുളം നഗരത്തിലടക്കം ഗൈൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം വിട്ടു നല്കുന്നതിന് 90 ശതമാനത്തോളം പേരിൽ നിന്നും അനുമതി യു.ഡി.എഫ് സർക്കാർ നേടിയിരുന്നു.
ഇന്ന് ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുന്ന സി.പി.എം അന്ന് ചെയ്തതോ? പദ്ധതിയ്ക്കെതിരെ നിരന്തര സമരങ്ങളും. വാതക ബോംബിന് മുകളിൽ ജീവിക്കാൻ ഞങ്ങൾക്കാവില്ല എന്ന മുദ്രാവക്യമുയർത്തി നടത്തിയ സമരങ്ങളുടെ ഉദ്ഘാടകൻ എറണാകുളത്തെ എന്റെ പ്രിയ സുഹൃത്ത് കൂടിയായ സി.പി എം നേതാവായിരുന്നു. ഇത്തരം സമരങ്ങൾക്ക് നേതൃത്വം കൊടുത്തവർ പദ്ധതിയുടെ പേരിൽ ഫേസ് ബുക്ക് പ്രൊഫൈൽ ഫ്രെയിം ഉണ്ടാക്കി ആഘോഷിക്കുന്നതിനെ രാഷ്ട്രീയ പാപ്പരത്തം എന്നേ പറയാനാകൂ. "കുഴൽ വഴിയിൽ ഭീതിയോടെ" എന്ന ദേശാഭിമാനി വാചകം ഒരു ഉളുപ്പുമില്ലാതെ "വിജയ വഴിയിൽ ഗെയിൽ" എന്ന് തിരുത്താൻ ഇവർക്ക് മാത്രമേ സാധിക്കൂ.
അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാർ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് രൂപം നല്കിയ ഈ പദ്ധതി കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.