Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി തലസ്ഥാനം:...

കൊച്ചി തലസ്ഥാനം: സ്വകാര്യബില്ലിൽ ഉറച്ച് ഹൈബി ഈഡൻ എം.പി

text_fields
bookmark_border
hibi eden 897987
cancel

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം വിവാദമായതിന് പിന്നാലെ, ആദ്യ പ്രതികരണവുമായി ഹൈബി ഈഡൻ എം.പി. സ്വകാര്യ ബില്ലിൽ കേന്ദ്രം സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടിയത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പാർലമെന്റ് സമ്മേളനങ്ങൾക്ക് മുമ്പ് ജനതാൽപര്യം മനസിലാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നെന്നും ഹൈബി ഈഡൻ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ബില്ലുമായി ബന്ധപ്പെട്ട ഫയൽ പുറത്തായത് ദുരൂഹ ലക്ഷ്യത്തോടെയാണ്. ഭരണപരാജയം മറക്കാനുള്ള മോദി-പിണറായി കൂട്ടുക്കെട്ടിന്റെ ഭാഗമാണിത്. സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിനു മുമ്പ് പാർട്ടിയുടെ അനുമതി വാങ്ങണമെന്ന് നിർദേശമുണ്ടായാൽ അനുസരിക്കാൻ മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്


ചർച്ച, ഭൂരിപക്ഷ പിന്തുണയുള്ള തീരുമാനം ഇതൊക്കെ നല്ലതും ജനാധിപത്യത്തിൻ്റെ സൗന്ദര്യവുമാണ്. ഇതോടൊപ്പം ജനവികാരവും ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളും നിയമ നിർമ്മാണ സഭകളിലെത്തിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടതുമുണ്ട്, അത് തന്നെയാണ് ഒരു ജനപ്രതിനിധിയുടെ പരമ പ്രധാനമായ കർത്തവ്യവും. നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനായോഗങ്ങൾക്ക് മുൻപും പാർലമെന്റ് സമ്മേളനങ്ങൾക്ക് മുൻപും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനതാല്പര്യം മനസിലാക്കാൻ തുടക്കം മുതലേ ഞാൻ ശ്രദ്ധിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അവരുടെ വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾ ഞാനുമായി പങ്കുവയ്ക്കാറുമുണ്ട്. കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്വകാര്യ ബില്ലായി ഇക്കാര്യം ലോക്സഭയിൽ ഉന്നയിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് ഞാൻ നോട്ടീസ് നൽകിയത്. വിരുദ്ധ താൽപ്പര്യങ്ങളും,വ്യത്യസ്ത അഭിപ്രായങ്ങളും ഇതിലും ഉണ്ടാകാം. വിയോജിക്കുന്ന സ്വരങ്ങളെ ഞാൻ അങ്ങേയറ്റം മാനിക്കുന്നു. എന്റെ സ്വരവും എന്നോട് വിയോജിക്കുന്ന അപരന്റെ സ്വരവും ഒരു പോലെ പ്രധാനമാണെന്ന ബോധ്യം എനിക്കുണ്ട്. ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാർലമെന്റിന്റെ നടപടികൾ പ്രകാരമുള്ള തീരുമാനമാണ്.

ഇത് ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാർക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല. ഒരു നാട് അർഹിക്കുന്ന വികസനം അതിന് നൽകാതിരിക്കാൻ ഒരു സർക്കാരിനും കഴിയുകയുമില്ല.

സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് നമ്മുടെ പാർട്ടിയുടെ അനുവാദം വാങ്ങണം എന്നൊരു വ്യവസ്ഥ, ലോക്സഭയിലെയോ കേരള നിയമസഭയിലെയോ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിലവിലുണ്ടായിരുന്നില്ല, ഇക്കാര്യം ഈ രണ്ടു സഭകളിലും അംഗമായി പ്രവർത്തിച്ചിരുന്ന എനിക്ക് നേരിട്ട് ബോധ്യമുള്ളതാണ്. അതിനാലാണ് സംഘടനാപരമായി ഒരു അനുവാദം ചോദിക്കാതെ തന്നെ ഈ ബിൽ ലോക്സഭയിൽ സമർപ്പിച്ചത്. പുതിയ സാഹചര്യത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുൻപ് അനുവാദം വാങ്ങണമെന്ന പാർട്ടി നിർദേശം അനുസരിക്കാൻ ഒരു മടിയുമില്ല, കാരണം പാർട്ടി തന്നെയാണ് എനിയ്ക്ക് എല്ലാം; പാർട്ടി നിലപാടിനൊപ്പമാണ് എന്നും ഞാൻ നില കൊണ്ടിട്ടുള്ളത്.

രണ്ടു ദിവസമായി നടക്കുന്ന വാദപ്രതിവാദങ്ങളിൽ വാചാലനാകാതിരുന്നത് എന്റെ ഒരു ദൗർബല്യമല്ല. അനുചിതമായ ഇടങ്ങളിൽ അനാവശ്യമായ പ്രസ്താവനകൾ നടത്തുന്നതിനുമപ്പുറം സാർത്ഥകമായ ഇടപെടലുകൾ ജനങ്ങൾക്കും നാടിനും വേണ്ടി നിരന്തരം നടത്തുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ കർത്തവ്യമായി ഞാൻ കാണുന്നത്. വിദേശ പര്യടനത്തിലായിരുന്ന, എന്റെ മൗനം തന്നെ പുതിയൊരു ചർച്ചാ വിഷയമായി രൂപാന്തരം പ്രാപിച്ചതിനാലാണ് ഇപ്പോൾ ഇത്രയും അറിയിക്കേണ്ടി വന്നത്.

ഇതിനിടയിൽ കഴിഞ്ഞ നാല് വർഷത്തെ, എം പി എന്ന നിലയിലുള്ള എന്റെ പ്രവർത്തനങ്ങളെ ആകെ നിസ്സാരവത്ക്കരിക്കാൻ പെടാപ്പാട് പെടുന്നവർക്ക് അത് അസാധ്യമാണെന്ന് അധികം വൈകാതെ ബോധ്യപ്പെടും. വികസന കാര്യങ്ങളിൽ ജാഗ്രത പുലർത്താത്ത ആളായും, സംഘപരിവാർ അജണ്ടയിൽ പെട്ട് പോയ ആളായും മറ്റും ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ജനം കാണുന്നുണ്ട്. പാർലമെന്ററി രംഗത്തെ എന്റെ പ്രവർത്തനങ്ങളും, വിവിധ ഘട്ടങ്ങളിൽ സ്വീകരിച്ചിട്ടുള്ള നിലപാടുകളും, ജനക്ഷേമകരമായിരിക്കണം എന്ന നിർബന്ധമുള്ളപ്പോൾ തന്നെ അവയൊന്നും സമൂഹത്തെ ഭിന്നിപ്പിക്കാനോ മറ്റെന്തെങ്കിലും താത്ക്കാലിക നേട്ടങ്ങൾക്ക് വേണ്ടിയോ ആയിരുന്നില്ല എന്നത് എന്നെ അടുത്തറിയുന്ന എറണാകുളംകാരെ പ്രത്യേകമായി പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല എന്ന് കരുതുന്നു.

പാർലമെന്റിൽ ഫയൽ ചെയ്ത ബില്ലിന്മേൽ കേരള സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അസാധാരണ നടപടിയാണ് ഇന്നത്തെ വിവാദങ്ങളുടെ തുടക്കം. കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിന് പുറമെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ നിന്നും ദുരൂഹമായ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയൽ പുറത്താവുകയുമുണ്ടായി. നിരവധി ക്രമക്കേടുകളാൽ മുഖം നഷ്ടപ്പെട്ട കേരള സർക്കാർ ഈ ബില്ലിനെ ഒരു വിവാദോപാധിയായി കണ്ട് വാദപ്രതിവാദങ്ങൾക്ക് തീ കൊളുത്തുകയായിരുന്നു. ഈ മുഖം മൂടിയണിഞ്ഞ് അധിക ദൂരം മുന്നോട്ട് പോകാൻ ഭരണ പാർട്ടിക്ക് കഴിയില്ല. ഭരണ പരാജയം മറയ്ക്കാൻ സാധ്യമാകുന്നിടത്തെല്ലാം അനാവശ്യ വിവാദങ്ങളെ വിത്തും വളവും നൽകി വളർത്തി വലുതാക്കുന്ന മോഡി- പിണറായി കൂട്ടുകെട്ട് തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ട്. ഒറ്റക്കെട്ടായി ഒരു ജനത സർക്കാരിനെതിരെ സമര മുഖത്ത് അണിചേരുന്നതിനെ തടയാൻ ജനതയെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ഇരു കൂട്ടർക്കും പൊതുവിലുള്ള പ്രത്യേകത. വിഭജന നീക്കങ്ങളെ വിവേകം കൊണ്ട് ചെറുത്ത് തോൽപിക്കാൻ നമുക്ക് കഴിയണം.

സമൂഹത്തിനും മനുഷ്യനും അവഗണിക്കപ്പെടുന്നവർക്കും അരിക് ചേർക്കപ്പെട്ടവർക്കും ശബ്ദം നൽകാനും ലോക്സഭയിൽ നാടിന്റെ സ്പന്ദനങ്ങളെത്തിക്കാനും ഉള്ള നിരന്തര പരിശ്രമത്തിനിടയിൽ കൃത്രിമമായി നട്ടു വളർത്തി വലുതാക്കിയ ഇത്തരം വിവാദങ്ങളിൽ നായക സ്ഥാനം വഹിക്കാൻ വലിയ താത്പര്യം തോന്നിയിട്ടില്ലാത്ത ഒരു ജനപ്രതിനിധി എന്ന നിലയിൽ ഈ വിശദീകരണം ഈ വിഷയത്തിലെ അവസാന കുറിപ്പ് ആകട്ടെ എന്ന് ആത്മാർത്ഥതമായി ആഗ്രഹിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hibi Edenprivate billHibi Eden MP
News Summary - Hibi Eden MP reaction over state capital controversy
Next Story