ഹൈബിയുടെ തലസ്ഥാന വിവാദം; ബില്ല് പിൻവലിക്കാനാവശ്യപ്പെട്ട് കോൺഗ്രസ്
text_fieldsകൊച്ചി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ സ്വകാര്യബില്ലിനെ തള്ളി കോൺഗ്രസ്. പാർട്ടിയോട് ആലോചിക്കാതെ ഇങ്ങനെ ഒരു ബില്ലുകൊണ്ടുവന്നതിൽ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഹൈബിയുടെ ബില്ലിനെതിരെ പാർട്ടിക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി നിർദേശം.
എനിക്ക് ഏറെ വാത്സല്യമുള്ള കൊച്ചനുജനാണ് ഹൈബി ഈഡൻ എം.പി. സംഭവം അറിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ വിളിച്ച് ശക്തമായ അതൃപ്തി അറിയിച്ചിരുന്നു. അദ്ദേഹം കൊണ്ടുവന്നത് ഒരു സ്വകാര്യബില്ലാണ്. അതിൽ ഇനി പ്രസ് ചെയ്യരുതെന്നും പിൻവലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും അവസാനിപ്പിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
അതേ സമയം സി.പി.എം ഇത് രാഷ്ട്രീയ വിവാദമായി ഉയർത്തി കഴിഞ്ഞു. കോൺഗ്രസ് അറിയാതെ ഇത്തരം ഒരു ബില്ല് ഹൈബി ഈഡൻ കൊണ്ടുവരില്ലെന്ന് വി.ശിവൻകുട്ടി പ്രതികരിച്ചു. സ്വകാര്യബില്ലിന്റെ പിന്നിലുള്ളത് ഗൂഢ താല്പര്യമെന്ന് അദ്ദേഹം പറഞ്ഞു. ഹൈബി എറണാകുളത്ത് നിന്ന് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായെന്ന് മന്ത്രി പി.രാജീവ് പരിഹസിച്ചു. ഹൈബിയുടെ പ്രസ്ഥാവന എന്തിനാണെന്ന് എത്രവട്ടം ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് സി.എം.പി നേതാവ് സി.പി ജോൺ പ്രതികരിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരള ചീഫ് സെക്രട്ടറിയോട് അഭിപ്രായം തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.