തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതിൽ ഹിഡൻ അജണ്ട -കെ. മുരളീധരൻ
text_fieldsതിരുനന്തപുരം: തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി മാറ്റിപറഞ്ഞതിന് പിന്നിൽ ഹിഡൻ അജണ്ടയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ പേരിലുള്ള കേസ് ഒഴിവാക്കാനായി കേന്ദ്രത്തെ സന്തോഷിപ്പിക്കാൻ വേണ്ടി അദ്ദേഹം എന്തും ചെയ്യും. പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
തൃശൂർ പൂരം കലങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. നിയമസഭയിൽ പറഞ്ഞ കാര്യം ആർക്കും നിഷേധിക്കാൻ സാധിക്കില്ല. എന്നാൽ, പൂരം കലങ്ങിയില്ലെന്നാണ് സഭക്ക് പുറത്ത് മുഖ്യമന്ത്രി പറയുന്നത്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരം ഇടക്കുവെച്ച് നിർത്തിവെക്കേണ്ടി വന്നു. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പൊലീസ് തടഞ്ഞു. ഇതേതുടർന്ന് വെടിക്കെട്ട് നടത്താൻ സാധിക്കാത്ത സാഹചര്യമുണ്ടായി.
പൊലീസിന്‍റെ ഇടപെടൽ കാരണമാണ് ആനയെ വടംകെട്ടി തടഞ്ഞു. ആനക്ക് പട്ട കൊടുക്കാൻ പോലും സമ്മതിച്ചില്ല. മുമ്പിൽ നിന്ന് കുത്തുവിളക്കുകാരെ പൊലീസ് പൊതിരെ തല്ലി. പിന്നെങ്ങനെ പൂരം മുന്നോട്ടു കൊണ്ടു പോകാൻ കഴിയും.
സഹികെട്ടാണ് ദേവസ്വം പൂരം നിർത്തിവെച്ചത്. പിന്നീട് ഒത്തുതീർപ്പ് ചർച്ചയും സുരേഷ് ഗോപിയുടെ സിനിമ സ്റ്റൈൽ വരവും കഴിഞ്ഞാണ് പൂരം പുനനാരംഭിച്ചത്. ആചാരപ്രകാരം പൂരം കലങ്ങുക തന്നെ ചെയ്തെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശമാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയത്. ശനിയാഴ്ച കോഴിക്കോട്ട് നടന്ന പരിപാടിയിലായിരുന്നു തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. വെടിക്കെട്ട് അൽപം വൈകിയതിനെ പൂരം കലങ്ങിയതായി ചിത്രീകരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തുവന്നത്. പൂരം കലങ്ങിയ വിഷയത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും കേസെടുത്താല്‍ ഒന്നാംപ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നു. അതിനാല്‍ ത്രിതല അന്വേഷണം സുഗമമായി നടക്കില്ല. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന നിലപാട് ആവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.