സംസ്ഥാനത്ത് മൂന്ന് ദിവസം ജാഗ്രത; പ്രകടനങ്ങൾ പാടില്ല, വാഹനപരിശോധന ശക്തമാക്കും
text_fieldsതിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിർദേശം. മൂന്ന് ദിവസം മൈക്ക് അനൗൺസ്മെന്‍റുകളോ പ്രകടനങ്ങളോ പാടില്ല. അവധിയിലുളള പൊലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്നും ഡി.ജി.പിയുടെ നിർദേശം.
പ്രശ്നസാധ്യതാ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. വാഹനങ്ങളിൽ ആയുധങ്ങൾ കടത്തുന്നുണ്ടോയെന്ന് പരിശോധിക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും നിരീക്ഷണം നടത്തും.
അതിനിടെ, സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രംഗത്തെത്തി. ബി.ജെ.പി പ്രവർത്തകരുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലാണ് അന്വേഷണം. കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും നിത്യാനന്ദ് റായ് പറഞ്ഞു. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസന്‍റെ സംസ്കാരച്ചടങ്ങിനെത്തിയതായിരുന്നു കേന്ദ്ര മന്ത്രി.
അതേസമയം ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നാളെ സർവകക്ഷി സമാധാന യോഗം ചേരും. ഇന്ന് ചേരാൻ തീരുമാനിച്ച യോഗമാണ് നാളത്തേക്ക് മാറ്റിയത്. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്.
എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാനെ വധിച്ച കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി. രണ്ട് കൊലപാതകങ്ങളിലും ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.