ഏറിയും കുറഞ്ഞും അസംസ്കൃത എണ്ണ വില; എന്നിട്ടും മാറ്റമില്ലാതെ ഇന്ധനവില
text_fieldsകൊച്ചി: രണ്ടുമാസമായി അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കൂടിയും കുറഞ്ഞും നിന്നിട്ടും അനങ്ങാതെ പെട്രോൾ, ഡീസൽ വില. നവംബറിൽ ക്രൂഡോയിൽ ബാരലിന് 76 ഡോളറിലേക്ക് താഴ്ന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എട്ടു രൂപയിലേറെ കുറയുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ക്രൂഡ് വില കൂടിനിന്ന കാലയളവിൽ ഓയിൽ കമ്പനികൾക്കുണ്ടായ നഷ്ടം നികത്താനെന്ന പേരിൽ വിലയിൽ മാറ്റം വരുത്തിയില്ല. ഇപ്പോൾ, ക്രൂഡിന്റെ വില ബാരലിന് 83 ഡോളറിലേക്ക് ഉയർന്നു. എങ്കിൽപോലും ഇന്ധനവില കുറക്കാമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിൽ നിൽക്കുമ്പോഴുള്ള നിരക്കാണ് ഇപ്പോഴും ഇന്ധനത്തിന് ഈടാക്കുന്നത്. നവംബര്‍ ഏഴ് മുതല്‍ ഡിസംബർ രണ്ടാംവാരം വരെ അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില കുറയുമെന്ന പ്രചാരണം ഉണ്ടായത്. അസംസ്കൃത ഓയിൽ വില ഉയര്‍ന്നപ്പോൾ ഈടാക്കിയ നിരക്ക് തന്നെയാണ് ഇന്ത്യയില്‍ ഇപ്പോഴും നില്‍ക്കുന്നത്. വലിയ ലാഭമാണ് ഇതുവഴി എണ്ണക്കമ്പനികള്‍ കൊയ്യുന്നത്. പൊതുമേഖല എണ്ണക്കമ്പനികളെക്കാൾ ഉപരി വിപണിയുടെ 30 ശതമാനം വരെ കൈയടക്കിയ റിലയൻസ് അടക്കമുള്ള സ്വകാര്യ കമ്പനികൾക്കാണ് ലാഭത്തിന്റെ വലിയ പങ്കും ലഭിക്കുക.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയരത്തില്‍ എത്തിയശേഷം കുറവ് വരുത്തിയത് കഴിഞ്ഞ മേയിലാണ്. പെട്രോളിന് എട്ടുരൂപയും ഡീസലിന് ആറുരൂപയും അന്ന് കുറച്ചു. എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ മാറ്റമാണ് വില കുറയാന്‍ ഇടയാക്കിയത്.
ഇന്ത്യക്ക് ആവശ്യമുള്ള 85 ശതമാനം എണ്ണയും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ആഗോള വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റം വേഗത്തില്‍ ഇന്ത്യയിലും പ്രകടമാകേണ്ടതാണ്. എന്നാൽ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതിയാണ് വില ഉയർത്തുന്നത്. കോവിഡ് കാലത്തു മാത്രം കേന്ദ്രസര്‍ക്കാര്‍ നികുതികള്‍ വര്‍ധിപ്പിച്ചത് പെട്രോളിന് 68 ശതമാനവും ഡീസലിന് 100 ശതമാനത്തിലേറെയുമാണ്.
ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്നത് ഇറാഖ്, സൗദി, റഷ്യ എന്നീ രാജ്യങ്ങളിൽനിന്നാണ്. യുദ്ധസാഹചര്യത്തിൽ റഷ്യ വിലകുറച്ച് എണ്ണ നല്കുന്നതിനാല് ഇന്ത്യ വലിയ തോതില്‍ അവിടെനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. 2014ല്‍ പെട്രോളിന്റെ കേന്ദ്രനികുതികള്‍ 9.48 രൂപയായിരുന്നു. ഇപ്പോഴത് 32.98 രൂപയായി വർധിച്ചു, 275 ശതമാനം വർധന. ഡീസലിന്റെ കേന്ദ്ര നികുതി 3.56 രൂപയില്‍നിന്ന് വർധിച്ച് 31.83 രൂപയായി, അതായത് 255 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.