ഹൈകമാൻഡ് തീരുമാനം വൈകുന്നു; ഇല്ല, പ്രതിപക്ഷ നേതാവായില്ല
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനാകാതെ കോൺഗ്രസ്.
പ്രതിപക്ഷ നേതാവ് ആരെന്ന് കേരളത്തിൽ തീരുമാനിക്കാൻ കഴിയാതെ അന്തിമ തീരുമാനം ഹൈകമാൻഡിന് വിട്ട് കാത്തിരിപ്പ് തുടരുകയാണ് സംസ്ഥാന നേതാക്കൾ. ഇന്നല്ലെങ്കിൽ നാളെ പ്രഖ്യാപിക്കുമെന്നാണ് വിശദീകരണം. മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് വേണമെന്നില്ല, നിയമസഭ ചേരുന്നതിനു മുമ്പ് പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചാൽ മതിയെന്ന വ്യാഖ്യാനവും ഒപ്പമുണ്ട്.
ഇതിനെല്ലാമിടയിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ 'പ്രതിപക്ഷ നേതാവാ'യി ആരും എത്താതിരുന്നത്. കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലിരുന്ന് ടി.വിയിൽ സത്യപ്രതിജ്ഞ കണ്ടു. തർക്കങ്ങൾക്കും പലവിധ ആലോചനകൾക്കുമിടയിൽ കോൺഗ്രസിന് ഇങ്ങനെയൊരു അനിശ്ചിതത്വം ഇതാദ്യം.
സാധാരണ നിലക്ക് കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ മുതിർന്ന നേതാക്കളും പുതിയ എം.എൽ.എമാരും ചേർന്ന് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുകയാണ് രീതി.
ചെന്നിത്തല തുടരണമെന്നും യുവരക്തം വരണമെന്നുമുള്ള വാദഗതികൾക്കിടയിലാണ് നിരീക്ഷകർ വിഷയം ഹൈകമാൻഡിന് വിട്ടത്. സഭാ കക്ഷി നേതാവിനെ എം.എൽ.എമാർ ചേർന്ന് തെരഞ്ഞെടുക്കുന്ന കീഴ്വഴക്കം അതിനിടയിൽ ഫലത്തിൽ കാറ്റിൽ പറന്നു. ഭരണതലത്തിൽ പുതുമുഖങ്ങൾ നിറഞ്ഞേപ്പാൾ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മുൻനിർത്തി പ്രതിപക്ഷത്തും തലമാറ്റത്തിന് ശ്രമം തുടരുന്നു.
രമേശ് ചെന്നിത്തലക്കു പകരം പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരൻ, യു.ഡി.എഫ് കൺവീനറായി പി.ടി. തോമസ് എന്നിങ്ങനെ പുതിയ നിയമന ചർച്ച നടക്കുന്നുണ്ടെങ്കിലും എല്ലാറ്റിനും തീരുമാനമെടുക്കേണ്ടത് ഹൈകമാൻഡ് തന്നെ.
ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും പിന്തുണക്കുന്നതിനാൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുമെന്ന ധാരണ നിലനിന്നിരുന്നു. എന്നാൽ, യുവ എം.എൽ.എമാർ വി.ഡി. സതീശനൊപ്പമാണ്. ചെന്നിത്തല തുടർന്നതുകൊണ്ട് കോൺഗ്രസിന് വിശ്വാസ്യത വീണ്ടെടുക്കാൻ കഴിയില്ലെന്ന അഭിപ്രായം യുവതുർക്കികൾ ഹൈകമാൻഡ് നിയോഗിച്ച നിരീക്ഷകരുടെ യോഗത്തിൽ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.