ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് അതിക്രമം; മുൻകൂർ ജാമ്യം തള്ളി ഹൈകോടതി
text_fieldsകൊച്ചി: ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും ജോലി തടസ്സപ്പെടുത്തുന്നതും അതിക്രമമാണെന്നും ഇത്തരം കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഹൈകോടതി.
ഡോക്ടർമാരും നഴ്സുമാരും ഭീതിയോടെ ജോലി ചെയ്യേണ്ടി വന്നാൽ രോഗ നിർണയത്തിലടക്കം തെറ്റുവരാനിടയുണ്ട്. ഇതു രോഗികളുടെ ജീവനെ ബാധിക്കും. ഇവരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുന്നതുപോലും ഈ നിയമപ്രകാരം ഗുരുതര കുറ്റമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. അതിനാൽ, ഇത്തരം കുറ്റങ്ങൾ അതിക്രമമായി കണ്ട് അധികൃതർ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ ജോലി തടസ്സപ്പെടുത്തിയെന്നുമുള്ള കേസിൽ പട്ടാമ്പി സ്വദേശി അരുൺ നൽകിയ മുൻകൂർ ജാമ്യ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം.
ബൈക്ക് അപകടത്തെ തുടർന്നുള്ള ശരീരവേദന നിമിത്തം ഏപ്രിൽ 12ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഹരജിക്കാരൻ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ ജോലി തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.
മണിക്കൂറുകളോളം കാത്തിരുന്നിട്ടും ചികിത്സ കിട്ടിയില്ലെന്നും ഒടുവിൽ ഡോക്ടറെ കണ്ട് പരാതി പറഞ്ഞപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ഒന്നര പതിറ്റാണ്ടിനിടെ ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെയുള്ള അക്രമങ്ങൾ വർധിച്ചെന്നും ഇതേ തുടർന്നാണ് ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ നിയമം കൊണ്ടുവന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരനെതിരായ കുറ്റം ഇന്ത്യൻ ശിക്ഷ നിയമപ്രകാരം ജാമ്യം ലഭിക്കാവുന്നതാണെങ്കിലും ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാനുള്ള നിയമപ്രകരം ജാമ്യമില്ലാത്തതാണ്.
അതിനാൽ, മുൻകൂർ ജാമ്യം നൽകാൻ കഴിയില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഏഴു ദിവസത്തിനകം ഹരജിക്കാരൻ കീഴടങ്ങുന്ന പക്ഷം അറസ്റ്റ് ചെയ്ത് ഉടൻ കോടതിയിൽ ഹാജരാക്കണമെന്നും മജിസ്ട്രേറ്റ് കോടതി നിയമാനുസൃതം ജാമ്യ ഹരജി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.