കവർച്ചക്കിടെ സെക്യൂരിറ്റിക്കാരനെ കൊന്ന് കിണറ്റിലെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട നാല് പ്രതികളെ വെറുതെവിട്ടു; കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
text_fieldsകൊച്ചി: ജ്വല്ലറി മോഷണത്തിനിടെ കവർച്ചക്കാർ കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരെൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഹൈകോടതി ഉത്തരവ്. തൊഴിലിനിടെയുള്ള അപകടമാണെന്നും തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ. സിയാദ് റഹ്മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
കേസിൽ 10 വർഷം തടവുശിക്ഷ വിധിക്കപ്പെട്ട പ്രതികളുടെ അപ്പീൽ ഹരജിയിലെ ഉത്തരവിലാണ് ഈ നിർദേശമുള്ളത്. അതേസമയം, തെളിവിെൻറ അഭാവത്തിൽ നാല് പ്രതികെളയും വെറുതെവിട്ടു.
തിരുവനന്തപുരം കല്ലറയിലെ ജസീന ജ്വല്ലറിയിൽ 2011 മേയ് അഞ്ചിന് രാത്രി വാച്ച്മാൻ രവീന്ദ്രൻ നായരെ (61) കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞശേഷം പ്രതികൾ 2.15 ലക്ഷത്തിെൻറ ആഭരണങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്. സെഷൻസ് കോടതി 10 വർഷം തടവിനു ശിക്ഷിച്ച ഒന്നാം പ്രതി കൊല്ലം കരവാളൂർ സ്വദേശി ദിലീഷ് കുമാർ, മൂന്നാം പ്രതി തമിഴ്നാട് സ്വദേശി കണ്ണനെന്ന കരുണാകരൻ, ആറാം പ്രതി കൊല്ലം നിലമേൽ സ്വദേശി നവാസ്, എട്ടാം പ്രതി പത്തനംതിട്ട കൂടൽ സ്വദേശി പ്രമിത്ത് എന്നിവരെയാണ് കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തി വെറുതെവിട്ടത്.
വേണ്ടത്ര സൗകര്യങ്ങളോ വരുമാനമോ ഇല്ലെങ്കിലും ഏൽപിച്ച ജോലി ജീവൻ പണയംവെച്ചും കൃത്യമായി ചെയ്യുന്ന രാത്രികാവൽക്കാർക്ക് സംഘടിത കവർച്ചകൾ പ്രതിരോധിക്കാൻ കാര്യമായൊന്നും ചെയ്യാനാവാറില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ഥാപന ഉടമകൾ പട്ടുമെത്തയിൽ ഉറങ്ങുമ്പോൾ രാത്രി മുഴുവൻ പുകയുന്ന കൊതുകുതിരിയുമായി പണിയെടുക്കുന്നവരാണിവർ. കൊല്ലപ്പെട്ട സാധുവായ സെക്യൂരിറ്റി ജീവനക്കാരനെ ഒാർക്കാതെ വിധിന്യായം പൂർത്തിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.