ശബരിമലയിൽ ദിലീപിന്‍റെ ‘വി.ഐ.പി’ ദർശനത്തെ വീണ്ടും വിമർശിച്ച് ഹൈകോടതി
text_fieldsകൊച്ചി: ശബരിമലയിൽ നടൻ ദിലീപിന്റെ വി.ഐ.പി സന്ദർശനത്തിൽ വിമർശനം തുടർന്ന് ഹൈകോടതി. ദിലീപ് സോപാനത്ത് തുടർന്നത് ഭക്തർക്ക് തടസ്സമുണ്ടാക്കി.
ഹരിവരാസന സമയത്ത് മറ്റുള്ളവർക്ക് ദർശനം വേണ്ടേ എന്ന് ചോദിച്ച കോടതി, മുന്നിൽ നിൽക്കുന്ന ആൾ വി.ഐ.പി ആണെങ്കിൽ പിന്നിൽ നിൽക്കുന്നവർക്ക് ദർശനം സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ശ്രീകോവിലിനു മുന്നിൽ നിന്നാൽ മറ്റുള്ളവരുടെ ദർശനം തടസപ്പെടുമെന്നും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും ദേവസ്വം ബോർഡിന് താക്കീതും നൽകി. എത്രസമയം ദീലീപ് സോപാനത്തിൽ തുടർന്നെന്ന് കോടതി ചോദിച്ചു. ദിലീപ് അവിടെ നിന്നതുകൊണ്ട് ആർക്കും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ്. കുട്ടികൾക്കും സ്ത്രീകൾക്കും ദർശനത്തിന് മതിയായ സൗകര്യം ലഭിക്കണമെന്നും കോടതി പറഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ ദിവസവും വിഷയത്തിൽ ഹൈകോടതി വിമർശനം നടത്തിയിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ദിലീപ് അടക്കം ചിലർക്ക് ശബരിമല ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. ദിലീപിനോടൊപ്പം ആലപ്പുഴ ജില്ല ജഡ്ജി കെ.കെ. രാധാകൃഷ്ണൻ, നോർക്ക ചുമതല വഹിക്കുന്ന കെ.പി. അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു എന്നാണ് എക്സിക്യൂട്ടിവ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നത്.
വ്യാഴാഴ്ച രാത്രി നട അടക്കാൻ ഹരിവരാസനം പാടുന്ന സമയം മുഴുവൻ ഇവർക്ക് ശ്രീകോവിലിന് മുൻനിരയിൽനിന്ന് തൊഴാൻ സൗകര്യം ഒരുക്കി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.