സാഹസിക ഡ്രൈവിങ്ങിനെതിരെ ഹൈകോടതി; അപകടമുണ്ടാക്കുന്നവരോട് ദയ വേണ്ട
text_fieldsകൊച്ചി: സാഹസിക ഡ്രൈവിങ് നടത്തി അപകടമുണ്ടാക്കുന്നവരോട് ദയ കാണിക്കാനാവില്ലെന്ന് ഹൈകോടതി. അപകടമുണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവരോട് ദാക്ഷിണ്യം കാണിച്ചാൽ ഇവർ ഡ്രൈവിങ് നേരമ്പോക്കാക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അഭിപ്രായപ്പെട്ടു. 2002ൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബസ് ഓടിച്ചയാൾക്കും ഉടമയായ സഹോദരനും കീഴ്കോടതി വിധിച്ച ശിക്ഷ ശരിവെച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
2002 ഡിസംബർ 29ന് നേര്യമംഗലം-മൂന്നാർ പാതയിലെ രണ്ടാംമൈലിൽ ചാക്കോച്ചി എന്ന ബസ് മറിഞ്ഞ് അഞ്ചുപേർ മരിച്ച സംഭവത്തിൽ അഞ്ചുവർഷം കഠിനതടവ് വിധിച്ച വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്ത് ഡ്രൈവർ ഇടുക്കി കുളമാവ് സ്വദേശി മാർട്ടിൻ എന്ന ജിനു സെബാസ്റ്റ്യൻ, ബസുടമ സഹോദരൻ അനിൽ സെബാസ്റ്റ്യൻ എന്നിവരാണ് അപ്പീലുമായി ഹൈകോടതിയെ സമീപിച്ചത്. ഇടതുകൈക്ക് സ്വാധീനക്കുറവുള്ള ജിനുവിന് ഹെവി ലൈസൻസുണ്ടായിരുന്നില്ല. അതിനാൽ, അശ്രദ്ധമൂലമല്ലെന്നും അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടുള്ള പ്രവൃത്തിയായിരുന്നുവെന്നും കോടതി വിലയിരുത്തി. ഇടതുകൈത്തണ്ടക്ക് വളവുള്ള ജിനുവിന് ബസിന്റെ വേഗം നിയന്ത്രിക്കാനോ സ്റ്റിയറിങ് ക്രമീകരിക്കാനോ കഴിയുമായിരുന്നില്ല.
ഇക്കാര്യം അറിഞ്ഞുകൊണ്ട് ഇയാളെ ഡ്രൈവറായി നിയോഗിച്ചത് കൊലപാതകമല്ലാത്ത നരഹത്യയാണെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. അശ്രദ്ധമൂലമുള്ള അപകടമാണ് ഉണ്ടായതെന്നും ആ നിലക്ക് കേസ് പരിഗണിക്കണമെന്നുമുള്ള പ്രതികളുടെ വാദം കോടതി തള്ളി. തങ്ങളുടെ വീഴ്ച മൂലമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഡ്രൈവർമാർ ജാഗ്രത പുലർത്താൻ മതിയായ ശിക്ഷ നൽകൽ തന്നെയാണ് ഫലപ്രദമായ മാർഗമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.